മുംബൈ: കനത്ത മഴ മൂലം മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ച രത്‌നഗിരി കൊങ്കണ്‍ പാതയില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. മണ്ണും ചളിയും നീക്കിയ ശേഷം മത്സ്യഗന്ധ എക്‌സ്പ്രസ് ഇതുവഴി യാത്ര തതിരിച്ചു.

ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വേഗത കുറച്ചാണ് ട്രെയിനുകള്‍ ഓടുന്നത്. വഴി തിരിച്ചുവിടുമെന്ന് നേരത്തേ അറിയിച്ചിരുന്ന വണ്ടികളില്‍ ചിലത് കൊങ്കണ്‍ വഴി തന്നെയാണ് പോവുന്നത്.

രത്‌നഗിരിക്കും നിവാസറിനുമിടയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.15നാണ് മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് ഇരുപതോളം ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. മൂന്ന് ദിവസത്തിനുശേഷമാണ് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. പോമണ്ടിയില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് മണ്ണിടിച്ചല്‍ ഉണ്ടായത്. അഡവാലിയിലും രത്‌നഗിരിയിലുമായി സര്‍വീസ് അവസാനിപ്പിച്ച ട്രെയിനുകളിലെ 8585 യാത്രക്കാരെയാണ് ഈ ദിവസങ്ങളില്‍ ബസുകളിലായി മറ്റ് സ്‌റ്റേഷനുകളില്‍ എത്തിച്ചത്.