തെന്നിന്ത്യന്‍ താരസുന്ദരി തമന്നയ്‌ക്കെതിരെ തമിഴ് ചലച്ചിത്രരംഗം പ്രതിഷേധവുമായി രംഗത്ത്. ശ്രീലങ്കയിലേക്ക് പോകുമെന്ന തമന്ന പറഞ്ഞതാണ് ആരാധകരെ വിഷമിപ്പിച്ചത്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ തെലുങ്ക് സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ശ്രീലങ്കയില്‍ പോകുമെന്ന് തമന്ന വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ പ്രിയങ്കരിയായ തമന്ന ലങ്കയിലേക്ക് പോകുന്നത് തമിഴ് സിനിമാ രംഗത്തെ ചിലര്‍ക്ക് ഇഷ്ടമായിട്ടില്ല.

ലങ്കയെന്ന് കേട്ടാല്‍ വാളെടുക്കുന്ന സംവിധായകന്‍ സീമന്റെ നാം തമിഴര്‍ ഇയക്കം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ വാക്കുകളിലാണ് നടിയെ വിമര്‍ശിച്ചിരിയ്ക്കുന്നത്. നടിയുടെ ഏറ്റവും പുതിയ ചിത്രമായ വേങ്കൈ തിയറ്ററുകളില്‍ നിന്ന് മാറ്റണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

ലങ്കയും തമിഴരും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു സിനിമാക്കാരും അവിടേക്ക് പോകരുതെന്നും ലങ്കയില്‍ തമിഴ് സിനിമയുടെ ഷൂട്ടിംങ് നടത്തരുതെന്നും ചില സംഘടനകള്‍ വിലക്കിയിരുന്നു. ഈ തീരുമാനം ലംഘിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇത് വകവെയ്ക്കാതെ ശ്രീലങ്കയിലേക്ക് പോകുമെന്ന് പറഞ്ഞതാണ് തമന്നയോടുള്ള വിരോധത്തിന് കാരണം.

വിവാദ അഭിമുഖത്തിന് ശേഷം തമന്നയ്ക്ക് തമിഴ് സിനിമകളില്‍ നിന്ന് ഓഫറുകളൊന്നും വന്നിട്ടില്ല. നേരത്തെ മലയാളി താരം അസിനും സമാനമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നു. ഹിന്ദി ചിത്രമായ റെഡിയുടെ ഷൂട്ടിങിനായി അസിന്‍ പോയതാണ് കോളിവുഡിലെ ലങ്കാവിരുദ്ധരെ പ്രകോപിപ്പിച്ചത്. അസിന്‍ നായികയായ വിജയ് ചിത്രം ബോഡിഗാര്‍ഡിനെ ഇത് ബാധിക്കുകയും ചെയ്തിരുന്നു.