എഡിറ്റര്‍
എഡിറ്റര്‍
പഞ്ചായത്ത് റോഡില്‍ അനധികൃത ചെക്ക്‌പോസ്റ്റ്; കൊല്ലങ്കോട്ട് ഡിസ്റ്റിലറി കമ്പനിയുടെ സമാന്തര ഭരണം
എഡിറ്റര്‍
Wednesday 23rd May 2012 10:42am
കൊല്ലങ്കോട്ട് ഇമ്പീരിയല്‍ ഡിസ്റ്റലറി

 

 

സ്വന്തം ലേഖകന്‍

പാലക്കാട്: യുണൈറ്റഡ് ഡിസ്റ്റിലറീസിന് മുതലമടയില്‍ സംസ്ഥാന മന്ത്രിസഭ പ്രവര്‍ത്തനാനുമതി നല്‍കിയത് വിവാദമായിരിക്കെ കൊല്ലങ്കോട് മീങ്കരയിലെ ഇംപീരിയല്‍ ഡിസ്റ്റിലറിയുടെ പ്രവര്‍ത്തനം പഞ്ചായത്ത് നിയമങ്ങള്‍ ലംഘിച്ചും സമാന്തര ഭരണം നടപ്പാക്കിയുമാണെന്ന് കണ്ടെത്തി. പഞ്ചായത്ത് റോഡില്‍ ചെക് പോസ്റ്റ് സ്ഥാപിച്ച് ഇവിടത്തെ സഞ്ചാര അവകാശവും ഭരണവും ഡിസ്റ്റലറി കൈവശപ്പെടുത്തിയിരിക്കയാണ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനുള്ള പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ശ്രമം അധികൃതര്‍ കഴിഞ്ഞ ദിവസം തടയുകയും ചെയതു.

പഞ്ചായത്ത് റോഡിന് കുറുകെ ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചാണ് ഡിസ്റ്റിലറി മുതലാളി പ്രദേശത്തെ നിയന്ത്രണം കൈവശപ്പെടുത്തിയിരിക്കുന്നത്. പുതൂരില്‍ നിന്ന് മീങ്കര ഡാമിന്റെ മറുഭാഗത്തുള്ള റോഡിലാണ് ചെക്‌പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. 20ലധികം വീടുകള്‍ക്കുള്ള ഏക ആശ്രയവും ഡാം നിറഞ്ഞാല്‍ മറുകര കടക്കാനുള്ള ഏക മാര്‍ഗ്ഗവുമാണിത്. ചെക്‌പോസ്റ്റിനെതിരെ നാട്ടുകാര്‍ പഞ്ചായത്തിന് പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൊണ്ടുപോയിരുന്ന വഴി ഡിസ്റ്റിലറി കൈവശപ്പെടുത്തിയിരിക്കയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നുണ്ട്. പഞ്ചായത്ത് ഉപസമിതി അംഗങ്ങള്‍ക്കൊപ്പമെത്തിയ മാധ്യമപ്രവര്‍ത്തകരെയും ചെക്‌പോസ്റ്റില്‍ തടഞ്ഞ് ചോദ്യം ചെയ്ത ശേഷമാണ് അകത്തേക്ക് കടത്തിവിട്ടത്.

അനധികൃത ചെക്ക്‌പോസ്റ്റ്

അമിത ജല ചൂഷണം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കമ്പനി പരിശോധിക്കാന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരെത്തിയെങ്കിലും അവരെ അകത്തേക്ക് കടത്തിവിട്ടില്ല. പ്ലാച്ചിമടയില്‍ കൊക്കക്കോല ഫാക്ടറി ചെയ്തതു പോലെ ഭീമന്‍ കുഴല്‍കിണര്‍ ഇറക്കി കമ്പനി ജലമൂറ്റുന്നുണ്ടെന്നാണ് പരാതി. ഇത് പരിശോധിക്കാനുള്ള ശ്രമമാണ് കമ്പനി അധികൃതര്‍ തടഞ്ഞത്. രേഖാമൂലം അപേക്ഷിച്ചാലേ പ്രവേശനം അനുവദിക്കൂവെന്നാണ് കമ്പനി അധികൃതരുടെ വാദം. എന്നാല്‍ പഞ്ചായത്ത് നിയമമനുസരിച്ച് ഇത്തരം അപേക്ഷയുടെ ആവശ്യമില്ല. എന്നാല്‍ കമ്പനിയുടെ അവകാശവാദം കേട്ട് ഉദ്യോഗസ്ഥര്‍ തിരിച്ചുപോരുകയായിരുന്നു. ഡിസ്റ്റലറി പ്രവര്‍ത്തനം സ്വമേധയാ തടഞ്ഞ് നടപടിയെടുക്കേണ്ട പഞ്ചായത്ത് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിലും നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.

ഡിസ്റ്റിലറി ഉടമകളും ഭരണകര്‍ത്താക്കളും ഒത്തുകളിക്കുകയാണെന്ന ആക്ഷേപവും ജനങ്ങള്‍ക്കുണ്ട്. നേരത്തെ യുണൈറ്റഡ് ഡിസ്റ്റിലറി മുതലമടയില്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണെന്ന് ആക്ഷേപമുണ്ടായിരുന്നു. ദേശീയ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഉന്നതയായ ഒരു വനിതാ നേതാവിന്റെ മരുമകന് ഡിസ്റ്റിലറി ഉടമയുമായുള്ള ബന്ധമാണ് ഇത്തരം ഒരു അനുമതി നല്‍കിയതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരത്തെ ഒരു ഇടതുപക്ഷ പത്രത്തിലെ പത്രപ്രവര്‍ത്തകനും ഇതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുതലമട ഡിസ്റ്റിലറി ഉടമ അംഗമയ ഒരു സാംസ്‌കാരിക കൂട്ടായ്മയില്‍ ഈ പത്രപ്രവര്‍ത്തകനും അംഗമാണ്. ഡിസ്റ്റിലറി ഉടമയ്ക്ക് കോണ്‍ഗ്രസ്, സി.പി.ഐ.എം നേതൃത്വവുമായി അടുത്ത ബന്ധവുമാണ്. എന്നാല്‍ നാട്ടുകാരും കോണ്‍ഗ്രസ് നേതാക്കളായ വി.എം. സുധീരനും എം. ലിജുവും അടക്കമുള്ളവരും തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നു.

Advertisement