എഡിറ്റര്‍
എഡിറ്റര്‍
കൂട്ടിരിപ്പിന് ആളില്ലാത്തതുകൊണ്ട് ചികിത്സ നിഷേധിച്ചു; കൊല്ലത്ത് അപകടത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളി മരിച്ചു
എഡിറ്റര്‍
Monday 7th August 2017 10:56am

 

കൊല്ലം: റോഡപകടത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ചു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുകനാണ് മരിച്ചത്.

അപകടത്തില്‍പെട്ട ഇയാളെ കൊല്ലത്തെ ട്രോമ കെയര്‍ സംഘടനയുടെ ആംബുലന്‍സില്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും കൂട്ടിരിപ്പിന് ആളില്ലെന്നുപറഞ്ഞു ചികിത്സ നിഷേധിക്കുകയായിരുന്നു.

പിന്നീട് കൊല്ലത്തെയും തിരുവനന്തപുരത്തെയും പല സ്വകാര്യ ആശുപത്രികളിലും എത്തിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അപകടത്തില്‍പെട്ടയാളെ തിരിച്ചയച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ അവിടെ വെന്റിലേറ്റര്‍ ലഭ്യമല്ലായിരുന്നു.

തുടര്‍ന്ന് ഇയാളെ കൊല്ലത്തെക്ക് തിരിച്ചു കൊണ്ട് വന്നെങ്കിലും സംഘടനയുടെ ആംബുലന്‍സില്‍ വെച്ച് മരണപെടുകയായിരുന്നു. അപ്പോഴെക്ക് അപകടം നടന്ന് ഏഴുമണിക്കൂര്‍ കഴിഞ്ഞിരുന്നു. ട്രോമ കെയര്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ കൂട്ടിരിക്കാം എന്ന് പറഞ്ഞെങ്കിലും ചികില്‍സ നിഷേധിക്കുകയായിരുന്നെന്ന് സംഘടനയുടെ പ്രവര്‍ത്തകനായ ജോര്‍ജ് സേവ്യര്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ സ്വകാര്യ ആശുപത്രികളുടെ ഭാഗത്തു നിന്നുണ്ടായതു ഗുരുതരചട്ടലംഘനമാണെന്നു കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിത ബീഗം പറഞ്ഞു. ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ കേസെടുക്കുമെന്ന് ഐ.ജി മനേജ് എബ്രഹാം അറിയിച്ചു.

Advertisement