എഡിറ്റര്‍
എഡിറ്റര്‍
കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളെ മാറി നല്‍കി; ആറ് മാസത്തിന് ശേഷം ഡി.എന്‍.എ പരിശോധനയിലൂടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞു
എഡിറ്റര്‍
Wednesday 1st March 2017 12:01pm

കൊല്ലം: കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജില്‍ നിന്ന് മാറിനല്‍കിയ നവജാത ശിശുക്കളെ ഡി.എന്‍.എ. പരിശോധനയ്ക്ക് ശേഷം മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി.

കഴിഞ്ഞ ഓഗസ്റ്റ് 22ന് രാവിലെയാണ് കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജില്‍ റംസിയും ജസീറയും പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞിനെ ലഭിക്കാനായി തങ്ങള്‍ വാങ്ങിക്കൊടുത്തത് പച്ച ടവ്വലാണെങ്കിലും കുഞ്ഞിനെ പൊതിഞ്ഞു നല്‍കിയത് മഞ്ഞ ടവ്വലിലായിരുന്നെന്ന് റംസിയുടെ മാതാവ് സുബൈദ പറയുന്നു. കുഞ്ഞിന്റെ കൈയില്‍ അമ്മയുടെ പേരെഴുതിയ ടാഗുമുണ്ടായിരുന്നില്ല.

ഇതേസമയം ജസീറയുടെ കുഞ്ഞിനെ പച്ച ടവ്വലിലാണ് നല്‍കിയത്. ആ കുഞ്ഞിന്റെ കൈയിലെ ടാഗില്‍ റംസി എന്ന് എഴുതിയിരുന്നതായും കണ്ടു. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ടവ്വല്‍ മാറിപ്പോയതാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. കുഞ്ഞിനെ മാറിയിട്ടുണ്ടാവുമെന്ന് ഡോക്ടറോടു പറഞ്ഞപ്പോള്‍ തങ്ങളെ അവര്‍ വഴക്കു പറഞ്ഞു വിടുകയായിരുന്നെന്ന് സുബൈദ പറയുന്നു.

26ന് റംസിയെ ആശുപത്രിയില്‍നിന്ന് വിട്ടു. ഡിസ്ചാര്‍ജ് രേഖകളില്‍ കുഞ്ഞിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് എന്നായിരുന്നു. ഡിസംബര്‍ 20ന് മറ്റൊരു ആശുപത്രിയില്‍ പ്രതിരോധ കുത്തിവയ്പിനായി എത്തിയപ്പോള്‍ രക്തപരിശോധനയില്‍ കുഞ്ഞിന്റെ ഗ്രൂപ്പ് എ പോസിറ്റീവ് എന്നാണ് കണ്ടത്. തുടര്‍ന്ന് പലതവണ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും മോശമായ പെരുമാറ്റമാണുണ്ടായത്. ഇതേത്തുടര്‍ന്ന് കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു.


Dont Miss കൊട്ടിയൂര്‍ പീഡനം: ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് വിവരം മറച്ചുവെച്ചതെന്ന് പെണ്‍കുട്ടി


ആശുപത്രി അധികൃതരെ വിളിച്ചുവരുത്തി രണ്ടു കുട്ടികളുടെയും മാതാപിതാക്കളുടെ ഡി.എന്‍.എ. പരിശോധന നടത്താന്‍ കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. ആദ്യം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഡി.എന്‍.എ. പരിശോധന നടത്തിയപ്പോള്‍ റംസിയുടെയും ജസീറയുടെയും കൈവശമുള്ള കുഞ്ഞുങ്ങള്‍ അവരുടേതല്ലെന്ന് വ്യക്തമായി.

ഹൈദരാബാദിലെ ലാബിലായിരുന്നു പരിശോധന. ആശുപത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് രണ്ടു മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും രക്തസാമ്പിളുകള്‍ അയച്ച് വീണ്ടും പരിശോധന നടത്തിയപ്പോഴും ഇത് തന്നെയായിരുന്നു പരിശോധനാഫലം.

തുടര്‍ന്ന് ഉഭയസമ്മതപ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍വച്ച് കുഞ്ഞുങ്ങളെ പരസ്പരം മാറ്റിനല്‍കുകയായിരുന്നു. അതേസമയം തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ആശുപത്രിക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായും കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ പറയുന്നു.

Advertisement