handcuff-rwകൊല്ലം: കൊല്ലം സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് തീവച്ച കേസില്‍ ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകരായ പാരിപ്പള്ളി കിഴക്കനേല മുതുപുറത്തുമുകള്‍ കോളനിയില്‍ ചരുവിള പുത്തന്‍വീട്ടില്‍ സുരേഷ് (35), പൂതക്കുളം കലയേ്ക്കാട് പെരുങ്കുളം വയല്‍ അനിതാഭവനില്‍ കൊച്ചനി എന്ന അനി(36) എന്നിവരാണ് അറസ്റ്റിലായത്. ഡി.എച്ച്.ആര്‍.എമ്മിന്റെ കൊല്ലം ടൗണ്‍ ഇന്‍ ചാര്‍ജ്ജായ സുരേഷിനേയും സംഘടനയുടെ പരവൂര്‍ പഞ്ചായത്ത് ഗൈഡായ കൊച്ചനിയേയും കൊല്ലം ഡിവൈ.എസ്.പി. കെ.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

സപ്തംബര്‍ 23ന് രാത്രി രണ്ടുമണിക്കായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലാണ് ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകര്‍ എത്തിയിരുന്നത്. രണ്ടുപേര്‍ ബൈക്കിന് അരികില്‍ നില്‍ക്കുകയും നാലുപേര്‍ ചേര്‍ന്ന് കോടതിയുടെ ചില്ല് തകര്‍ത്ത് തീവയ്ക്കുകയുമായിരുന്നു. സംഘം ഉപയോഗിച്ച ബൈക്കുകളും പോലീസ് കണ്ടെടുത്തു. നാലുപേരെക്കൂടി താമസിയാതെ പിടികൂടുമെന്ന് കൊല്ലം എസ്.പി. കെ.സഞ്ജയ് കുമാര്‍ പറഞ്ഞു.

വര്‍ക്കല, ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനുകളില്‍ നിരപരാധികളായ ദളിത് യുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കുന്നതിനോട് പ്രതികരിക്കാനായിരുന്നു തങ്ങള്‍ കോടതിക്കു തീവച്ചത്. സര്‍ക്കാരിന്റെ ദളിത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കാനും പോലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും വേണ്ടി കോടതിയില്‍ തീവെച്ചത്. തീവയ്പിലൂടെ കേസുകള്‍ നശിപ്പിക്കുകയല്ല, നാട്ടില്‍ ശ്രദ്ധ നേടുക എന്നതായിരുന്നു ലക്ഷ്യമെന്നും ഇവര്‍ പോലീസിനോടു പറഞ്ഞതായി ഡിവൈ.എസ്.പി. രാമചന്ദ്രന്‍ വ്യക്തമാക്കി.

പരവൂരില്‍ സുബ്രഹ്മണ്യന്‍ മേശിരിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ബൈജു എന്ന ഡി.എച്ച്.ആര്‍.എം.പ്രവര്‍ത്തകനെ ചോദ്യം ചെയ്തതില്‍നിന്നാണ് കോടതി തീവയ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റി പോലീസിന് വിവരം ലഭിച്ചത്. ആറംഗസംഘമാണ് കോടതി തീവയ്പിന് നേതൃത്വം വഹിച്ചത്. പ്രതികളെ തിങ്കളാഴ്ച ആറുമണിയോടെ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.