Categories

വെടിക്കെട്ടിനൊടുവില്‍ ദല്‍ഹി; റോയല്‍ ജയവുമായി കൊല്‍ക്കത്ത

മുംബൈ: ഒടുവില്‍ ദല്‍ഹി നാലാം സീസണ്‍ ഐ.പി.എല്ലില്‍ തങ്ങളുടെ ആദ്യവിജയം സ്വന്തമാക്കി. വെടിക്കെട്ടു ബാറ്റിംഗ് കണ്ട മല്‍സരത്തില്‍ 3 വിക്കറ്റിനാണ് സെവാഗിന്റെ ടീം പൂനെ വാരിയേര്‍സിനെ തോല്‍പ്പിച്ചത്. സ്‌കോര്‍; പൂനെ 5/ 187, ദല്‍ഹി 7/ 190

ജെസ്സി റെയ്ഡര്‍ നല്‍കിയ തട്ടുപൊളിപ്പന്‍ ബാറ്റിംഗിന്റെ കരുത്തിലായിരുന്നു പൂനെ കളി തുടങ്ങിയത്. ദല്‍ഹിയുടെ ബൗളര്‍മാരെ റെയ്ഡര്‍ നിലംതൊടാതെ പറത്തി. 27 പന്തില്‍ നിന്ന് അഞ്ച് സിക്‌സറും അഞ്ച് ബൗണ്ടറികളും നേടി 60 റണ്‍സാണ് റെയ്ഡര്‍ സ്വന്തമാക്കിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ യുവരാജ് സിംഗും ഇതേ പാതയിലായിരുന്നു. 32 പന്തില്‍ നാലു ബൗണ്ടറിയും അഞ്ച് സിക്‌സറുകളും പായിച്ച് യുവി 66 റണ്‍സോടെ പുറത്താകാതെ നിന്നു. 20 റണ്‍സെടുത്ത മന്‍ഹാസും പൂനെയ്ക്കായി പൊരുതി.

എന്നാല്‍ പൂനെ നിര്‍ത്തിയിടത്തുനിന്നും സെവാഗും വാര്‍ണറും തുടങ്ങി. കൂറ്റന്‍ ലക്ഷ്യത്തെ ധൈര്യത്തോടെ നേരിട്ട ഇരുവരും ചേര്‍ന്ന് ഓപ്പണിംഗില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 46റണ്‍സെടുത്ത വാര്‍ണറും 37 റണ്‍സെടുത്ത സെവാഗും പുറത്തായെങ്കിലും വേണുഗോപാല റാവുവും ഫിഞ്ചും ടീമിനെ വിജയത്തിലെത്തിച്ചു. റാവു 31 റണ്‍സും ഫിഞ്ച് 25 റണ്‍സുമെടുത്തു. 66 റണ്‍സെടുക്കുകയും നാലുവിക്കറ്റ് വീഴ്ത്തുകയും ചെയ്ത യുവിയാണ് കളിയിലെ താരം.

രാജസ്ഥാനെ നിലംപരിശാക്കി കൊല്‍ക്കത്ത
തികച്ചും ഏകപക്ഷീയമായ മല്‍സരമായിരുന്നു കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ അരങ്ങേറിയത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ റോയല്‍സ് വെറും 81 റണ്‍സിന് പുറത്തായി. 21 റണ്‍സെടുത്ത മെനാറിയയും 15 റണ്‍സെടുത്ത പുനിക്കാറും 11 റണ്‍െസടുത്ത വാട്ട്‌സണും മാത്രമാണ് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. കൊല്‍ക്കത്തയ്ക്കായി ബാലാജി മൂന്നുവിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത ലക്ഷ്യം കണ്ടു. കാലിസും (0)ബിസ്‌ലയും (9) പെട്ടെന്ന് മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ ഗംഭീറും (35) തിവാരിയും (30) ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ബാലാജിയാണ് കളിയിലെ താരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.