കൊല്‍ക്കത്ത: സ്വന്തം ഗ്രൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് പഞ്ചാബ് രാജാക്കന്‍മാരുടെ പത്തി മടക്കി. എട്ടുവിക്കറ്റിന്റെ ഗംഭീരജയം നേടിയാണ് കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ മുന്നോട്ടുകുതിച്ചിരിക്കുന്നത്. സ്‌കോര്‍: പഞ്ചാബ് 6/ 119, കൊല്‍ക്കത്ത 2/ 120

ആദ്യംബാറ്റുചെയ്ത പഞ്ചാബിന് തുടക്കത്തിലേ പിഴച്ചു. വമ്പനടിക്കാരനായ വാല്‍ത്താട്ടി ഏഴു റണ്‍സിനും മാര്‍ഷ് അഞ്ചുറണ്‍സിനും മടങ്ങി. ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റിനും (26) മികച്ച ബാറ്റിംഗ് നടത്താനായില്ല. ദിനേഷ് കാര്‍ത്തിക് മാത്രമാണ് (42) അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. കൊല്‍ക്കത്തയ്ക്കായി ഇഖ്ബാല്‍ അബ്ദുള്ള നാലോവറില്‍ 19 റണ്‍സിന് രണ്ടുവിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്തയ്ക്ക് കാലിസിനെ തുടക്കത്തിലേ നഷ്ടമായി.എന്നാല്‍ ക്യാപ്റ്റന്‍ ഗംഭീറും (45), മനോജ് തിവാരിയും (34) ചേര്‍ന്ന് കൊല്‍ക്കത്തയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇഖ്ബാല്‍ അബ്ദുള്ളയാണ് കളിയിലെ താരം.