കൊല്‍ക്കത്ത: അടുത്ത വെള്ളിയാഴ്ച്ച റിലീസ് ചെയ്യാനിരിക്കുന്ന വിദ്യാബാലന്റെ ബോളിവുഡ് സിനിമയായ കഹാനിയിലെ  വിവാദസീനിനെതിരെ കൊല്‍ക്കത്ത മെട്രോ രംഗത്ത്. കലിഘട്ട് മെട്രോ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന പൂര്‍ണ്ണ ഗര്‍ഭിണിയായ വിദ്യാബാലനെ അടുത്തുനില്‍ക്കുന്ന ആള്‍ ഓടികൊണ്ടിരിക്കുന്ന ട്രെയിനിന്റെ മുന്‍പിലേക്ക് തള്ളിയിടുന്ന രംഗമാണ് കൊല്‍ക്കത്ത മെട്രൊ അധികൃതരെ ചൊടിപ്പിച്ചത്.

പ്രസ്തുതഭാഗം സിനിമയില്‍ നിന്നും ട്രയിലറില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിനിമയുടെ സംവിധായകന്‍ സുജോയ് ഘോഷിനെ സമീപിച്ചതായി കൊല്‍ക്കത്ത മെട്രോ വക്താവ് പ്രൊദിയുഷ് ഘോഷ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വിവാദകരമായ രീതിയില്‍ സിനിമയില്‍ യാതൊരു ഭാഗങ്ങള്‍ ഇല്ലെന്നും രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ണ്ണമായ ഭാഗങ്ങള്‍ ഹാജരാക്കാമെന്നും ചിത്രത്തിന്റെ സംവിധായകനുമായുള്ള ചര്‍ച്ചയില്‍ തീരുമാനമെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

1984 ല്‍ തുടക്കം കുറിച്ചതുമുതല്‍ 234 ആത്മഹത്യാശ്രമങ്ങളാണ് കൊല്‍ക്കത്ത മെട്രൊയില്‍ ഇതു വരെ നടന്നത്. അടിക്കിടെ നടക്കുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് ‘കഹാനി’ യിലെ രംഗങ്ങള്‍ പ്രചോദനമായേക്കും എന്നാണ് മെട്രോ അധികൃതരുടെ വിലയിരുത്തല്‍. അതുതന്നെയാണ് സിനിമയിലെ രംഗം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാവശ്യപെടാന്‍ മെട്രൊയെ പ്രേരിപ്പിക്കുന്നതും. ‘മെട്രോ റെയിലിലെ ആത്മഹത്യാ പ്രവണതയെ ഞങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് നിരീക്ഷിച്ചു വരുന്നത്. കഹാനിയിലേതുപോലുള്ള രംഗങ്ങള്‍ അത്മഹത്യശ്രമങ്ങള്‍ക്ക് പുറമെ കുറ്റകൃത്യങ്ങള്‍ക്കും കാരണമായേക്കാം എന്ന് കൊല്‍ക്കത്ത മെട്രോ ജനറല്‍ മാനേജര്‍ പി.ബി.മൂര്‍ത്തിയും വ്യക്തമാക്കി.

എന്നാല്‍ ഇത്തരം വിവാദങ്ങള്‍ക്കു ഒട്ടും പ്രാധാന്യം കൊടുക്കേണ്ടതില്ലെന്ന് ‘കഹാനി’യുടെ സംവിധായകന്‍ സുജയ് ഘോഷ് അറിയിച്ചു. ‘ബംഗാളിയാണ് ഞാന്‍. എനിക്കീ നഗരത്തെ കയ്യിലെ വെള്ള പോലെ അറിയാം. ഇതിലെ രംഗങ്ങള്‍ ആത്മഹത്യപ്രവണത ഉള്ളതൊന്നും അല്ല. ഒരു സിനിമാ സംവിധായകനെന്ന നിലയില്‍ നഗരത്തിന്റെ നല്ലതും മോശവുമായ കാര്യങ്ങള്‍ ചിത്രീകരിക്കേണ്ട ബാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മെട്രൊയുടെ ആരോപണങ്ങള്‍ എന്നെ ബാധിക്കുന്നില്ല’ സുജയ് ഘോഷ് വ്യക്തമാക്കി.

Malayalam news

Kerala news in English