കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടു. അപകടസ്ഥലം  സന്ദര്‍ശിക്കാനെത്തിയ മമത ആശുപത്രി അധികൃതര്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ അധികൃതകര്‍ക്ക് നിര്‍ദേശം നല്‍കി. അപകടത്തില്‍ 40 പേര്‍ മരിച്ചതായി മമത സ്ഥിരീകരിച്ചു.

മരണസംഖ്യം ഇനിയും കൂടാനിടയുണ്ടെന്ന് ബംഗാള്‍ ആരോഗ്യമന്ത്രി സുധീപ് ബംധോപാധ്യായ് അറിയിച്ചു. തീപിടുത്തത്തിന് കാരണമെന്താണെന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തീപിടുത്തമുണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളൊന്നും ആശുപത്രിയിലുണ്ടായിരുന്നില്ല എന്നത് ബംഗാള്‍ സര്‍ക്കാരിനെ ഞെട്ടിച്ചെന്നും ബംധോപാധ്യായ് പറഞ്ഞു.

Subscribe Us:

ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആശുപത്രി അധികൃതര്‍ക്ക് ഒളിച്ചോടാനാവില്ലെന്ന് പശ്ചിമബംഗാള്‍ പ്ലാനിംഗ് ആന്റ് ഡവലപ്പ്‌മെന്റ് മന്ത്രി സുബ്രതോ മുഖര്‍ജി പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റിനെതിരെ കര്‍ശന നടപടിയെടുക്കും. എന്നാല്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രി അധികൃതകര്‍ രോഗികളെ പുറത്തേക്ക് കടക്കാന്‍ സഹായിക്കാതെ രക്ഷപ്പെടുകയാണുണ്ടായതെന്ന് കുറ്റപ്പെടുത്തി മരിച്ച രോഗികളുടെ ബന്ധുക്കള്‍ക്ക് പ്രശ്‌നമുണ്ടാക്കി. രോഗികള്‍ മരിക്കാനും, കുറേയേറെ പേര്‍ക്ക് പരുക്കേല്‍ക്കാനും കാരണം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധക്കുറവാണെന്നും അവര്‍ കുറ്റപ്പെടുത്തി. ക്രുധരായ ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തുകയും സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു.

അതിനിടെ, അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൃതദേഹങ്ങള്‍ സമീപത്തുള്ള എസ്.എസ്.കെ.എം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ മിക്ക മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്.

Malayalam news