എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമി ഡയറക്ടറായ കോലിയക്കോട് കൃഷ്ണന്‍ നായരെ കര്‍ഷക സംസ്ഥാന സംസ്ഥാന പ്രസിഡന്റാക്കി സി.പി.ഐ.എം
എഡിറ്റര്‍
Thursday 2nd February 2017 2:48pm

oliyakkodu

കണ്ണൂര്‍: ലോ അക്കാദമി ഡയറക്ടറായ കോലിയക്കോട് കൃഷ്ണന്‍ നായരെ കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. കണ്ണൂരില്‍ നടന്ന കര്‍ഷക സംഘം സംസ്ഥാന സമ്മേളനമാണ് കോലിയക്കോടിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുന്‍ എം.എല്‍.എയും സി.പി.ഐ.എം സംസ്ഥാനക്കമ്മിറ്റിയംഗവുമാണ് കോലിയക്കോട് കൃഷ്ണന്‍ നായര്‍.

ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരുടെ അച്ഛന്റെ സഹോദരനാണ് കോലിയക്കോട് കൃഷ്ണന്‍ നായര്‍. ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായരെയും മാനേജ്‌മെന്റിനെയും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നതെന്നും ഇതിനു പിന്നില്‍ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സ്വാധീനമാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ എം.എം മണിയായിരുന്നു കര്‍ഷക സംഘം സംസ്ഥാന അധ്യക്ഷന്‍. കഴിഞ്ഞ സമ്മേളനം സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനെയാണ് കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇ.പി ജയരാജന്‍ മന്ത്രിയായതോടെയാണ് എം.എം മണിക്ക് സ്ഥാനം ലഭിച്ചത്.

മന്ത്രിയായ മണിയുടെ തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇ.പി ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെച്ച സ്ഥിതിക്ക് അദ്ദേഹത്തെ ഈ ചുമതലയേല്‍പ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

സി.പി.ഐ.എമ്മിന്റെ വി.എസ് വിരുദ്ധ ചേരിയിലെ പ്രമുഖനായ കോലിയക്കോട് കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ വി.എസിനെതിരെ ശക്തമായി മുന്നോട്ടുവന്നിരുന്നു. ‘സ്ഥാപക നേതാവ് തന്നെ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ ഇതുകണ്ടു പഠിക്കുന്ന പാര്‍ട്ടി അണികള്‍ എങ്ങനെ പാര്‍ട്ടിക്കു വിധേയമായി പ്രവര്‍ത്തിക്കും’ എന്നു ചോദിച്ചാണ് കൃഷ്ണന്‍ നായര്‍ രംഗത്തെത്തിയത്.

1935ല്‍ രൂപീകരിക്കപ്പെട്ട കര്‍ഷക സംഘം സി.പി.ഐ.എമ്മിന്റെ ഏറ്റവും പഴക്കം ചെന്ന സംഘടനയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ അടിത്തറ നല്‍കിയ ഒട്ടേറെ സമരങ്ങള്‍ക്കു പിന്നില്‍ കര്‍ഷക സംഘമായിരുന്നു.

പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ.വി രാമകൃഷ്ണനാണ് കര്‍ഷക സംഘത്തിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 95 അംഗം സംസ്ഥാന കമ്മിറ്റിയേയും 19 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനേയും സമ്മേളനം തെരഞ്ഞെടുത്തു.

Advertisement