കൊച്ചി: മരട് ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. ഞായറാഴ്ച വൈകുന്നേരം തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള സുപ്രധാന തീരുമാനമുണ്ട്ായത്. തൊഴില്‍വകുപ്പ് മുന്നോട്ടുവച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് അംഗീകരിച്ചതോടെ ദിവസങ്ങള്‍ നീണ്ട നഴ്‌സുമാരുടെ സമരത്തിനു അന്ത്യമായി.

നഴ്‌സുമാരില്‍ ഒരു വര്‍ഷം പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് 8662 രൂപയും മൂന്ന് വര്‍ഷം വരെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് 10,000 രൂപയും അടിസ്ഥാന ശമ്പളമായി നല്‍കണമെന്നാണ് തൊഴില്‍ വകുപ്പ് നിര്‍ദേശിച്ചത്. ഇന്നലെ ജോയിന്റെ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഏകദേശ ധാരണയായിരുന്നു.

അതേസമയം കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 15 ദിവസമായി തുടരുന്ന നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നു ചേര്‍ന്ന ചര്‍ച്ച പരാജയപ്പെട്ടു.

തൊഴില്‍ വകുപ്പ് മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് തയാറായില്ല. ആശുപത്രി മാനേജ്‌മെന്റിന്റെ പിടിവാശിയാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് നഴ്‌സുമാരുടെ സംഘടന കുറ്റപ്പെടുത്തി. സമരം തുടരുമെന്നും സംഘടന അറിയിച്ചു.

എന്നാല്‍ നഴ്‌സുമാര്‍ നടത്തുന്ന സമരം 15 ദിവസത്തിനകം അവസാനിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് സ്വകാര്യ ആശുപത്രികളുടെ സംഘടന ഭീഷണിപ്പെടുത്തി. നഴ്‌സുമാര്‍ നടത്തുന്ന സമരം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്നും സംഘടന ആരോപിച്ചു.

Malayalam news

Kerala news in English