കൊച്ചി: തര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി പള്ളിയില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി മീഡിയേഷന്‍ സെല്‍ നിര്‍ദേശം. മീഡിയാ സെല്‍ ഗവേര്‍ണിങ് ബോഡി അധ്യക്ഷന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. നിര്‍ദേശം ജില്ലാ കലക്ടര്‍ ഇരു വിഭാഗത്തിനും കൈമാറി.

പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി അഭിഭാഷക സംഘം ഹൈക്കോടതിയെ അറിയിച്ചു. അഭിഭാഷകസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. നാളെ മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ ഇരുവിഭാഗങ്ങളുമായും ചര്‍ച്ച നടത്താനിരിക്കുകയാണ്.

കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നാളെ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
1970 മുതലാണ് കോലഞ്ചേരി പള്ളി അവകാശത്തര്‍ക്കം തുടങ്ങിയത്. കോലഞ്ചേരി പള്ളിയിലെ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം പ്രക്ഷോഭത്തിലാണ്. കോലഞ്ചേരി പള്ളി 1934 ലെ സഭാ ഭരണഘടനാപ്രകാരം ഭരിക്കപ്പെടേണ്ടതെന്ന ജില്ലാ കോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് പള്ളിയില്‍ ഉണ്ടായിരുന്ന തല്‍സ്ഥിതി തുടരാനാവില്ലെന്ന നിലപാട് ഈ വിഭാഗം സ്വീകരിക്കുകയായിരുന്നു.

പള്ളി സംബന്ധിച്ച കോടതി വിധി നടപ്പാക്കിയാലും തങ്ങള്‍ക്ക് ആരാധനാ സൗകര്യം വേണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം. കോടതി വിധി പൂര്‍ണ്ണമായി നടപ്പാക്കണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം. യാക്കോബായ വിശ്വസികള്‍ക്ക് പള്ളില്‍ പ്രവേശനമാകാമെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. എന്നാല്‍ വൈദികരെ അനുവദിക്കാനാകില്ലെന്നാണ് സഭയുടെ നിലപാട്.