കൊച്ചി: കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. യാക്കോബായ സഭ നടത്തിവന്ന പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിച്ചു. ഇരുസഭകളുടേയും സമര പരിപാടികള്‍ പൊതു നിരത്തുകളില്‍ നിന്നും മാറ്റാനും തീരുമാനമായി. ഹൈക്കോടതിയുടെ മീഡിയേഷന്‍ സെന്റര്‍ ഇരു വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പു സാധ്യത തെളിഞ്ഞത്.

ഉപവാസം പൊതുശല്യമാകുന്നുണ്ടെന്നും, തങ്ങളുടെ സമരം ഭരണസംവിധാനത്തിന് തലവേദനയായിരിക്കുന്നെന്നും തിരിച്ചറിഞ്ഞതിനാല്‍ പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിക്കുന്നതായി യാക്കോബായ സഭനേതാക്കള്‍ പറഞ്ഞു. ഓര്‍ത്തഡോക്‌സ് വിഭാഗം നടത്തിവരുന്ന സമരം ചാപ്പലിലേക്ക് മാറ്റി.

പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നതിനെച്ചൊല്ലിയാണ് യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഉച്ചയ്ക്കുശേഷം നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.