Administrator
Administrator
കോലഞ്ചേരി: മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടു
Administrator
Saturday 17th September 2011 2:52pm

കൊച്ചി: കോലഞ്ചേരി പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി അഭിഭാഷക സംഘം ഹൈക്കോടതിയെ അറിയിച്ചു. അഭിഭാഷകസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ ഇരുവിഭാഗങ്ങളുമായും ചര്‍ച്ച നടത്തുന്നുണ്ട്.

1970 മുതലാണ് കോലഞ്ചേരി പള്ളി അവകാശത്തര്‍ക്കം തുടങ്ങിയത്. പള്ളി സംബന്ധിച്ച കോടതി വിധി നടപ്പാക്കിയാലും തങ്ങള്‍ക്ക് ആരാധനാ സൗകര്യം വേണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം. കോടതി വിധി പൂര്‍ണ്ണമായി നടപ്പാക്കണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം. യാക്കോബായ വിശ്വസികള്‍ക്ക് പള്ളില്‍ പ്രവേശനമാകാമെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. എന്നാല്‍ വൈദികരെ അനുവദിക്കാനാകില്ലെന്നാണ് സഭയുടെ നിലപാട് .

കോലഞ്ചേരി പള്ളിയിലെ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം പ്രക്ഷോഭത്തിലാണ്. കോലഞ്ചേരി പള്ളി 1934 ലെ സഭാ ഭരണഘടനാപ്രകാരം ഭരിക്കപ്പെടേണ്ടതെന്ന ജില്ലാ കോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് പള്ളിയില്‍ ഉണ്ടായിരുന്ന തല്‍സ്ഥിതി തുടരാനാവില്ലെന്ന നിലപാട് ഈ വിഭാഗം സ്വീകരിക്കുകയായിരുന്നു.

Advertisement