കോലഞ്ചേരി: യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി പ്രശ്‌നം പരിഹാരമാകാതെ തുടരുന്നു. കൂടുതല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ഇരു വിഭാഗത്തിന്റെയും തീരുമാനം. യാക്കോബായ സഭയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ ഒരു മണിക്കൂര്‍ നേരം കോലഞ്ചേരി ടൗണില്‍ ഹര്‍ത്താല്‍ ആചരിച്ചു.

ഇരുപക്ഷവുമായി കലക്ടര്‍ പി.എ. ഷെയ്ഖ് പരീത് നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളില്‍ സമരം നടത്താനാണ് ഓര്‍ത്തഡോക്‌സ് സഭയുടെ തീരുമാനം.

1970 മുതലാണ് കോലഞ്ചേരി പള്ളി അവകാശത്തര്‍ക്കം തുടങ്ങിയത്. പള്ളി സംബന്ധിച്ച കോടതി വിധി നടപ്പാക്കിയാലും തങ്ങള്‍ക്ക് ആരാധനാ സൗകര്യം വേണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം. കോടതി വിധി പൂര്‍ണ്ണമായി നടപ്പാക്കണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം. യാക്കോബായ വിശ്വസികള്‍ക്ക് പള്ളില്‍ പ്രവേശനമാകാമെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. എന്നാല്‍ വൈദികരെ അനുവദിക്കാനാകില്ലെന്നാണ് സഭയുടെ നിലപാട് .

കോലഞ്ചേരിയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആര്‍.ഡി.ഒ. ഇന്നലെ നാലുദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കയാണ്.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലും കോട്ടൂര്‍ സെന്റ് ജോര്‍ജ് പള്ളിയിലും 250 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ. രണ്ടുപേരില്‍ കൂടുതല്‍ കൂട്ടംചേരുന്നതിനും ഇരുപള്ളികളിലും പ്രവേശിക്കുന്നതിനുമാണ് സി.ആര്‍.പി.സി. 144ാം വകുപ്പുപ്രകാരം മൂവാറ്റുപുഴ ആര്‍.ഡി.ഒ. ആര്‍. മണിയമ്മ നിരോധനം ഏര്‍പ്പെടുത്തിയത്.

കോലഞ്ചേരി പള്ളിയിലെ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം പ്രക്ഷോഭത്തിലാണ്. കോലഞ്ചേരി പള്ളി 1934 ലെ സഭാ ഭരണഘടനാപ്രകാരം ഭരിക്കപ്പെടേണ്ടതെന്ന ജില്ലാ കോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് പള്ളിയില്‍ ഉണ്ടായിരുന്ന തല്‍സ്ഥിതി തുടരാനാവില്ലെന്ന നിലപാട് ഈ വിഭാഗം സ്വീകരിക്കുകയായിരുന്നു.

അതേസമയം കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കുന്നതിനുള്ള അനുരഞ്ജന നീക്കത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഹൈക്കോടതി മീഡിയേഷന്‍ സെന്ററിനെ സമീപിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതും അനുരഞ്ജനത്തിലൂടെ പരിഹരിക്കാവുന്നതുമായ കേസുകള്‍ മധ്യസ്ഥത വഴി ഒത്തുതീര്‍പ്പാക്കുന്നതാണ് മീഡിയേഷന്‍ സെന്ററിന്റെ ചുമതല. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികളുമായി രണ്ടു ദിവസം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.

അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിയോട് ഇരുസഭാ നേതൃത്വവും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളിലെ കാതോലിക്കാ ബാവാമാര്‍ ഉപവാസവും പ്രാര്‍ത്ഥനാ യജ്ഞവും തുടരുകയാണ്.