മുംബൈ: ഇംഗ്ലണ്ടില്‍ ഏറ്റുവാങ്ങിയ ദയനീയ പരാജയത്തിന് മധുരമായി പ്രതികാരം ചെയ്യാനുള്ള വേദിയായിരുന്നു ഇന്ത്യക്കാര്‍ക്ക് വാഖഡെ സ്റ്റേഡിയം. അത് അവര്‍ നന്നായി ഉപയോഗിച്ചു. വാംഖഡെ സ് നടന്ന ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിന് നാണം കെട്ട പരാജയം സമ്മാനിച്ച് ഇന്ത്യന്‍ ടീം ആധിപത്യം ഉറപ്പാക്കി. പത്തോവറോളം ബാക്കിനില്്‌ക്കെ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ 40ന് മുന്നലാണ്.

ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 46.1 ഓവറില്‍ 220 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഇന്ത്യന്‍ യുവനിര 40ഓവറിന്റെ തുടക്കത്തില്‍ തന്നെ വിജയം കൊയ്്‌തെടുത്തു. പുറത്താകാതെ 86 റണ്‍സെടുത്ത വീരാട് കൊയ്‌ലി, സുരേഷ് റെയ്‌ന (80) കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് നേട്ടമായത്. 62 പന്തില്‍ പന്ത്രണ്ട് ബൗണ്ടറികളുള്‍പ്പെടെ 80 റണ്‍സെടുത്ത റെയ്‌നയാണ് കളിയിലെ താരം. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടക്കും.

തുടക്കത്തില്‍ ഇന്ത്യയെ വിറപ്പിച്ച സ്റ്റെവന്‍ ഫിന്നാണ് ഇംഗ്ലണ്ട് ബൗളിംങ് നിരയില്‍ ചെറുതായെങ്കിലും ശോഭിച്ച താരം. പക്ഷെ റെയ്‌നയ്ക്കു മുന്നില്‍ അദ്ദേഹത്തിന് മുട്ട്മടക്കേണ്ടിവന്നു. ആദ്യ 10 ഓവര്‍ കഴിഞ്ഞപ്പോള്‍ രണ്ടിന് 25 എന്ന നിലയിലായിരുന്നു ഇന്ത്യ. 14ാം ഓവറില്‍ മൂന്നിന് 46 എന്ന നിലയിലേക്ക് വീണ ആതിഥേയര്‍ ശരിക്കും പരുങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലിയും റെയ്‌നയും സെഞ്ച്വറി കൂട്ടുകെട്ടുമായി കളിയുടെ ഗതി മാറ്റിമറിച്ചു.

ടോസ് ജയിച്ച് ബാറ്റു ചെയ്ത ഇംഗ്ലണ്ട് നന്നായി തുടങ്ങിയെങ്കിലും പിന്നീട് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നതാണ് കണ്ടത്. ഓഫ്‌സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ 38 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 41 റണ്‍സിന് രണ്ടു വിക്കറ്റു സ്വന്തമാക്കി. അവസാന സ്‌പെല്ലില്‍ മൂന്നു വിക്കറ്റു വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ വരുണ്‍ ആറോണ്‍ ഇംഗ്ലണ്ടിനെ മുഴുവന്‍ ഓവറും ബാറ്റുചെയ്യാനുള്ള അവസരം നിഷേധിച്ചു. 45 റണ്‍സെടുത്ത് ടിം ബ്രെസ്‌നനാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. കെവിന്‍ പീറ്റേഴ്‌സണ്‍(41), ജോനാഥന്‍ ട്രോട്ട്(39) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.