കാര്‍ഡിഫ്: വിരാട് കൊഹ്‌ലിയുടെ ആറാം സെഞ്ചുറിയുടെയും അവസാന ഏകദിന മത്സരത്തിനിറങ്ങിയ രാഹുല്‍ ദ്രാവിഡിന്റ അര്‍ദ്ധ സെഞ്ചുറിയുടെയും പിന്‍ബലത്തില്‍ ഇംഗ്ലണ്ടിനെതരെ കാര്‍ഡിഫില്‍ നടക്കുന്ന അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തു. ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയില്‍ ഇന്ത്യ നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്.

93 പന്തില്‍ ഒമ്പത് ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് കൊഹ്‌ലി 107 റണ്‍സെടുത്തത്. അവസാന ഏകദിന മത്സരം കളിക്കുന്നദ്രാവിഡ് 79 പന്തില്‍ നാല് ഫോറുകളുടെ സഹായത്തോടെ 69 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂടി അടിച്ചെടുത്ത 170 റണ്‍സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

അവസാന പന്തില്‍ അര്‍ദ്ധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റന്‍ ധോണി(26 പന്തില്‍ 50 നോട്ടൗട്ട്) യുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. കോഹ്‌ലിയെയും ദ്രാവിഡിനെയും കൂടാതെ രഹാനെ(26), പാര്‍ഥിവ് പട്ടേല്‍(19), റെയ്‌ന(15), ജഡേജ(0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി ഗ്രയിം സ്വാന്‍ മൂന്നും ഡെന്‍ബാച്ച് രണ്ടും വിക്കറ്റ് വീഴ്ത്തി.