ലണ്ടന്‍: തോല്‍വിക്ക് പിന്നാലെ പരിക്കും ഇംഗ്ലണ്ട് പര്യാടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെ വിടാതെ പിന്തുടരുന്നു. പരിക്കിനെതുടര്‍ന്ന് ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഒഴിവാക്കിയ യുവരാജ് സിംഗിനും, ഹര്‍ഭജന്‍ സിംഗിനും പകരം മധ്യനിര ബാറ്റ്‌സ്മാന്‍ വിരാട് കൊഹ്‌ലിയെയും ഇടം കയ്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയെയും ടീമില്‍ ഉള്‍പ്പെടുത്തി.

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് യുവരാജ് സിംഗിനും, ഹര്‍ഭജന്‍ സിംഗിനും പരുക്കേറ്റത്. മത്സരത്തിനിടെ ഹര്‍ഭജന്‍ സിംഗിന് വയറിനാണ്് പരിക്കേറ്റത്. യുവരാജിന് തള്ളവിരലിനാണ് പരിക്ക്. പരിക്കിനെതുടര്‍ന്ന് യുവരാജിന് ഒരു മാസവും ഹര്‍ഭജന് മൂന്നാഴ്ചയും വിശ്രമം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്നാണ് ഇരുവരെയും ശേഷിച്ച ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്.

പരമ്പര തുടങ്ങും മുന്‍പേ പരിക്കിന്റെ പിടിയിലായ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യന്‍ നിരയില്‍ കളിച്ചിരുന്നില്ല. പരിക്ക് ഭേദമായതിനെതുടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ സെവാഗ് കളിക്കുമെന്നാണ് കരുതപ്പെടുന്നത്. മറ്റൊരു ഓപ്പണര്‍ ഗൗതം ഗംഭീര്‍, പേസ് ബൗളര്‍ സഹീര്‍ ഖാന്‍ എന്നിവര്‍ക്കും നേരത്തെ പരിക്കേറ്റിരുന്നു.