Categories

കോഹ്‌ലിക്ക് സെഞ്ചുറി: ഇന്ത്യക്ക് വിജയം

ന്യൂദല്‍ഹി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം. ദില്ലിയിലെ ഫിറോഷാ കോട്‌ല മൈതാനിയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയ 238 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36.4 ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

തുടക്കത്തിലേ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തി, മൂന്നാം വിക്കറ്റില്‍ അഭേദ്യമായ 209 റണ്‍സിന്റെ കൂട്ട് കെട്ട് പടുത്തുയര്‍ത്തിയ വിരാട് കോഹ് ലിയും ഗൗതം ഗംഭീറുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 98 പന്തില്‍ നിന്ന് കൊഹ്‌ലി 112 റണ്‍സ് നേടിയപ്പോള്‍ ഗംഭീര്‍ 84 റണ്‍സ് നേടി. ഏഴാം ഏകദിന സെഞ്ചുറിയുമായി തിളങ്ങിയ കോഹ് ലി തന്നെയാണ് കളിയിലെ കേമന്‍. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലായി.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഓവറിനുള്ളില്‍ തന്നെ ഇംഗ്ലീഷ് ഓപ്പണര്‍മാരെ കൂടാരം കയറ്റിയ പ്രവീണ്‍ കുമാറും വിനയ് കുമാറും ഇന്ത്യക്ക മികച്ച തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായ്ത്. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ റണ്ണെടുക്കും മുമ്പ് ഇംഗ്ലീഷ് ക്യാപ്റ്റനെ പ്രവീണ്‍ കുമാര്‍ ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു.

രണ്ടാം ഓവറില്‍ വിനയ് കുമാര്‍ കീസ് വെറ്ററിനെയും പൂജ്യത്തിന് മടക്കിയതോടെ ഇംഗ്ലണ്ട് വന്‍ തകര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്ന തോന്നലുളവാക്കി. പിന്നീടൊത്ത് ചേര്‍ന്ന ട്രോട്ടും(34) പീറ്റേര്‍സണും(46) ഇംഗ്ലണ്ടിനെ പതുക്കെ കരകയറ്റുകയായിരുന്നു. ബൊപ്പാര(36), ബെയര്‍സ്റ്റൊ(35), പട്ടേല്‍(42) എന്നിവരുടെയും ചെറുത്ത നില്‍പ്പാണ് ഇംഗ്ലീഷ് സ്‌കോര്‍ 200 റണ്‍സ് കടത്താന്‍ സഹായിച്ചത്.

കരിയറിലെ മികച്ച പ്രകടനത്തോടെ നാല് വിക്കറ്റ് വീഴ്ത്തിയ യുവ പേസ് ബൗളര്‍ വിനയ് കുമാറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. നാല് വിക്കറ്റെടുത്ത വിനയ് കുമാറിനെ കൂടാതെ യാദവ് രണ്ടും അശ്വിന്‍, ജഡേജ, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് കളിക്കാനിറങ്ങിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.