വിശാഖപട്ടണം: വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 270 റണ്‍സ് വിജയ ലക്ഷ്യം വിരാട് കോഹ്‌ലിയുടെ സെഞ്വറി (117) മികവില്‍ 48.1 ഓവറില്‍ ഇന്ത്യ മറികടന്നു.

113 പന്തിലാണ് കോഹ്‌ലി എട്ടാം സെഞ്ചുറി തികച്ചത്. രോഹിത് 98 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സറും പായിച്ചു. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട കോഹ്‌ലി ഈ വേദിയില്‍ നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. രോഹിത് ശര്‍മ്മ (90), ജഡേജ (9) പുറത്താകാതെ നിന്നു.

ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത സെവാഗിന്റെ തീരുമാനം ശരിവെക്കും വിധത്തിലായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ഉമേഷ് യാദവ് മൂന്ന് വിക്കറ്റും വിനയ് കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

ഒരുവേള 170 റണ്‍സിന് ഒന്‍പത് വിക്കറ്റ് നഷ്ടപ്പെട്ടു പ്രതിരോധത്തിലായ വിന്‍ഡീസ് ഒടുവില്‍ കളിനിര്‍ത്തിയത് അമ്പതോവറില്‍ 269 റണ്‍സെടുത്താണ്. രവി രാംപോള്‍ (86)കെമര്‍ റോച്ച് (24) കൂട്ടുകെട്ടാണ് അവരെ 269ല്‍ എത്തിച്ചത്. അവസാന വിക്കറ്റില്‍ കിമാര്‍ റോചക്കൊപ്പം അവസാന പതിനാല് ഓവര്‍ കളിച്ച രാംപോള്‍ 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ മികച്ച മൂന്നാമത്തെ പത്താം വിക്കറ്റ് കൂട്ടുകെട്ടാണിത്. 1984ല്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്‍ഡ്‌സും മൈക്കല്‍ ഹോര്‍ഡിംഗും പത്താം വിക്കറ്റില്‍ നേടിയ 106 റണ്‍സ് ആണ് ഒന്നാം സ്ഥാനത്ത്.

സ്‌കോര്‍: വിന്‍ഡീസ് 50 ഓവറില്‍ ഒന്‍പതിന് 269. ഇന്ത്യ 48.1 ഓവറില്‍ അഞ്ചിന് 270.

Malayalam News
Kerala News in English