എഡിറ്റര്‍
എഡിറ്റര്‍
സിറിയന്‍ സമാധാനദൗത്യത്തില്‍ നിന്നും കോഫി അന്നന്‍ പിന്മാറി
എഡിറ്റര്‍
Friday 3rd August 2012 12:58am

ദമാസ്‌കസ്: സിറിയന്‍ പ്രശ്‌നപരിഹാരത്തിനുള്ള ദൗത്യത്തില്‍ നിന്നും യു.എന്‍ പ്രതിനിധി കോഫി അന്നന്‍ പിന്മാറി. സമാധാനപരമായ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാന്‍ ഐക്യരാഷ്ട്രസഭയും അറബ് ലീഗും സംയുക്തമായായിരുന്നു കോഫി അന്നനെ നിയോഗിച്ചത്.

Ads By Google

എന്നാല്‍ തനിയ്ക്ക് പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതായി യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് വെളിപ്പെടുത്തിയത്.

സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു കോഫി അന്നന്‍. എന്നാല്‍ ആഭ്യന്തരയുദ്ധം തുടര്‍ന്നതോടെ സമാധാന ശ്രമങ്ങള്‍ വിഫലമായി. ഈ സാഹചര്യത്തില്‍ പദവിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അന്നന്‍ അറിയിക്കുകയായിരുന്നു.

അതിനിടെ, സിറിയയിലെ വാണിജ്യനഗരമായ അലെപ്പോയില്‍ വിമാനത്താവളത്തിനുനേരേ വിമതര്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. സൈന്യത്തില്‍ നിന്ന് പിടിച്ചെടുത്ത യുദ്ധടാങ്ക് ഉപയോഗിച്ചാണ് മിനാ വ്യോമത്താവളത്തിനുനേരേ ആക്രമണം നടത്തിയതെന്ന് വിമത കമാന്‍ഡര്‍മാര്‍ പറഞ്ഞു.

ഏകാധിപത്യവിരുദ്ധസമരം ആഭ്യന്തരയുദ്ധമായി മാറിയ അറബ് രാജ്യമായ സിറിയയില്‍ കഴിഞ്ഞദിവസം വിമതര്‍ക്കെതിരെ നടന്ന രണ്ട് സൈനിക നടപടികളിലായി 70 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

സൈന്യം വീടുവീടാന്തരം കയറിയിറങ്ങി ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിച്ചുനോക്കി തിരഞ്ഞുപിടിച്ചാണ് കൊലകള്‍ നടത്തിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. അതേസമയം, അലെപ്പോയിലെ തന്ത്രപ്രധാനമായ സലാഹദീന്‍ മേഖലയില്‍ സൈന്യം കനത്ത പീരങ്കിയാക്രമണം നടത്തി.

അലെപ്പോയിലെ പോരാട്ടത്തില്‍ വിമതസേനയ്ക്കാണ് മേല്‍ക്കൈയെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ‘വിമോചിത മേഖല’യുടെ ആസ്ഥാനമായി അലെപ്പോയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അവര്‍. അതേസമയം, വിമതസേനയുടെ പ്രവര്‍ത്തനങ്ങളും മനുഷ്യാവകാശ സംഘടനകളുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്.

Advertisement