കാസര്‍കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ അഡ്വ. കോടോത്ത് ഗോവിന്ദന്‍ നായര്‍ (68) അന്തരിച്ചു. പി.എസ്.സി. മുന്‍ അംഗമാണ്. തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് വെല്ലൂര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രിയാണ് മരണമുണ്ടായത്.

ഭാര്യ: പരേതയായ പ്രസന്ന. മക്കള്‍: വിനീത, സരിത. മരുമക്കള്‍: അഡ്വ. കോടോത്ത് സുരേഷ്‌കുമാര്‍ (എറണാകുളം), സുമോദ് (എന്‍ജിനിയര്‍, പയ്യന്നൂര്‍). സഹോദരന്‍: അഡ്വ. കോടോത്ത് നാരായണന്‍ നായര്‍ (കാസര്‍കോട്).

കെ.കരുണാകരന്റെ അടുത്ത അനുയായിയായിരുന്ന ഗോവിന്ദന്‍ നായര്‍ കാസര്‍കോട് ഡി.സി.സി. പ്രസിഡന്റായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വയലാര്‍ രവിക്കെതിരെ മത്സരിച്ചു. കെ.എസ്.യുവില്‍ നിന്ന് തുടങ്ങി യൂത്ത്‌കോണ്‍ഗ്രസ്, കെ.പി.സി.സി. ഭാരവാഹിത്വത്തിലേക്കെത്തിയ കോടോത്ത് കറകളഞ്ഞ നേതാവായിരുന്നു. കാസര്‍കോടിന്റെ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. മൃതദേഹം വെല്ലൂരില്‍ നിന്ന് ഞായറാഴ്ച കാസര്‍കോട്ടെത്തിക്കും.