kodiyeryതിരുവനന്തപുരം: പാമൊലിന്‍ കേസില്‍ അന്വേഷണം നേരിടുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതോടെ കോടതിയുടെ നിരീക്ഷണങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി വ്യക്തമായിരിക്കയാണ്. അന്വേഷണം ശരിയായ ദിശയില്‍ പോകണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം. അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.

ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് മാത്രം ഒഴിഞ്ഞാല്‍ മതിയെന്ന് താന്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നത് കേരളത്തില്‍ ആദ്യമായാണ്. കേസ് അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത്. ഇത്തരം കോടതി പരാമര്‍ശങ്ങമുണ്ടായ ഘട്ടങ്ങളിലാണ് കെ.കരുണാകരനും കെ.പി വിശ്വനാഥനും സ്ഥാനം രാജിവെച്ചതെന്നും കോടിയേരി വ്യക്തമാക്കി.

ഇന്നലെ കോടതി പരാമര്‍ശമുണ്ടായ ഉടന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയണമെന്നാണ് കോടിയേരി ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വൈരുദ്ധ്യം ഇന്നലെ തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു.

വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന് കോടിയേരി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തിടുക്കപ്പെട്ട് വകുപ്പ് ഒഴിഞ്ഞുകൊടുക്കാന്‍ ഉമ്മന്‍ചാണ്ടിയും പാര്‍ട്ടിയും തീരുമാനിച്ചത്. അതേസമയം വിജിലന്‍സ് ഒഴിഞ്ഞാല്‍ മതിയെന്ന് ഇന്നലെ കോടിയേരി പറഞ്ഞ കാര്യം ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ.എം നേതാവ് ഇ.പി ജയരാജനോട് ചോദിച്ചപ്പോള്‍ അത് പറഞ്ഞയാളോട് ചോദിക്കണമെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് എന്റെ നിലപാടെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

പുതിയ രാഷ്ട്രീയ സാഹചര്യം നാളെ ചേരുന്ന എല്‍.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീന്‍ വൈക്കം വിശ്വന്‍ അറിയിച്ചു.