kodiyery balakrishnan കോഴിക്കോട്: എല്‍.ഡി.എഫ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മുഖ്യമന്ത്രി ആരെന്ന കാര്യം പാര്‍ട്ടി പിന്നീട് തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. പൊളിറ്റ് ബ്യൂറോ അംഗമായ താന്‍ മത്സരരംഗത്തുള്ളപ്പോള്‍ കേന്ദ്ര കമ്മിറ്റി അംഗമായ വി.എസ്. അച്യുതാനന്ദന്‍ മുന്നണിയെ നയിക്കുമെന്ന് പറയുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല.

മുന്‍കൂട്ടി നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല എല്‍.ഡി.എഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. കഴിഞ്ഞ തവണ വി.എസ്. മുഖ്യമന്ത്രിയായതും മുന്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലായിരുന്നു. 87ല്‍ ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. പിന്നീട് മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വരാനിടയില്ല.

ഞാന്‍ ഇത്തരം അധികാരങ്ങള്‍ മോഹിക്കാത്തയാളാണ്. സ്ഥാനങ്ങളോട് ആര്‍ത്തിയുള്ളയാളല്ല ഞാന്‍. പാര്‍ട്ടി തീരുമാനത്തിന് എന്നും വിധേയമായിട്ടുള്ളതാണ് തന്റെ പാര്‍ട്ടി ജീവിതം. അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിലാണ് പറയാറുള്ളത്. അതിന് പാര്‍ട്ടിയില്‍ സ്വാതന്ത്ര്യവുമുണ്ട്. പാര്‍ട്ടി ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ അതിനൊപ്പം നില്‍ക്കുന്നതാണ് എന്റെ രീതി. ഇന്ത്യാവിഷന്റെ ഞാന്‍ എന്റെ രാഷ്ട്രീയം പരിപാടിയിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.