തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ വെടിവെച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. നേരിയ ഭൂരിപക്ഷം ഉപയോഗിച്ച് എന്തും ചെയ്യാമെന്ന് സര്‍ക്കാര്‍ വിചാരിച്ചാല്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്കു പുറത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്. സ്വാശ്രയ കോളേജില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയയാളാണ് നിര്‍മല്‍ മാധവ്. ഇത്തരമൊരു വിദ്യാര്‍ഥിക്ക് എല്ലാ ചട്ടങ്ങളും ലംഘിച്ച് ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളേജില്‍ പ്രവേശനം നല്‍കുന്നത് ഇതാദ്യമായാണ്. 2 സെമസ്റ്ററിന്റെ അറ്റന്റന്‍സ് അധികമായി നല്‍കിക്കൊണ്ടാണ് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത്. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥികളെ നിഷ്ഠൂരമായി മര്‍ദ്ദിക്കുന്ന സമീപമാണ് പോലീസും സര്‍ക്കാരും സ്വീകരിക്കുന്നത്.

കോഴിക്കോട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണന്‍ വെടിവച്ചതു ചട്ടം ലംഘിച്ചാണ്. വെടിവച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. ഇതു മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പ്രോത്സാഹനം നല്‍കുമെന്ന് കോടിയേരി പറഞ്ഞു. രാധാകൃഷ്ണന്‍ ക്രിമിനല്‍ ആണ്. അദ്ദേഹത്തിനെതിരെ നിരവധി കേസുകളുണ്ട്. ഇങ്ങനെയൊരാളെ കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറായി ചുമതലപ്പെടുത്തിയത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.

സുധാകരന്റെ ഗണ്‍മാന്‍ അടിച്ചുകൊല്ലുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ വെടിവെച്ചുകൊല്ലുന്നുഇത് കേരളത്തില്‍ നടക്കില്ല. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നിരിക്കുന്നു. സമരം ചെയ്യുന്നവരുടെ തലയ്ക്കടിക്കരുതെന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശമുണ്ടായിട്ടും പോലീസ് തലനോക്കിതന്നെയാണ് അടിച്ചതെന്നും അദ്ദേഹം പറഞ്ഞു.