തിരുവനന്തപുരം: വി.എസിനെതിരെ അപകീര്‍ത്തി കരമായ പരാമര്‍ശം നടത്തിയ മന്ത്രി ഗണേഷ് കുമാറിനെതിരെ കേസെടുക്കാനും മന്ത്രിസഭയില്‍ നിന്നു പുറത്താക്കാനും മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിയായതു കൊണ്ടു മാത്രം കുറ്റം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ഖേദം പ്രകടിപ്പിച്ചു കൊണ്ടു മന്ത്രിസഭയില്‍ തുടരുന്ന ഗണേഷിനെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് അപലനീയമാണെന്നും കോടിയേരി പറഞ്ഞു.

പ്രതിപക്ഷ നേതാവിനെതിരെ ഗണേഷ് അസഭ്യവര്‍ഷം നടത്തിയതില്‍ വാളകത്തേയോ, മറ്റേതെങ്കിലും പോലീസോ കേസെടുത്തിട്ടില്ല. മന്ത്രിയായതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത്. ഗണേഷിന്റെ പ്രസംഗത്തെ തുടര്‍ന്നു നാട്ടില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിരിക്കുകയാണ്.

വിഎസിനെതിരെ പരാമര്‍ശനം നടത്തിയതില്‍ ഗണേഷിനു യാതൊരു കുറ്റബോധവും ഇല്ല. മുഖ്യമന്ത്രിക്കു സ്വന്തം മന്ത്രിയെ തിരുത്താന്‍ കഴിയുന്നില്ല. ഇത്തരമൊരാളെ എന്തിനാണു മന്ത്രിസഭയില്‍ ഇരുത്തുന്നത്. കുറഞ്ഞ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരായതിനാല്‍ എന്തും സഹിക്കേണ്ട സ്ഥിതിയാണ് ഉമ്മന്‍ചാണ്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു.

വാളകം സംഭവത്തില്‍ സംശയത്തിന്റെ സൂചിമുന ബാലകൃഷ്ണപിള്ളക്കെതിരെയും ഗണേഷ്‌കുമാറിനെതിരെയും തിരിയുന്നതാണ് മന്ത്രിയെ പ്രകോപിച്ചതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. വാളകത്ത് കൃഷ്ണകുമാറിനെ ആരോ കൈകാര്യം ചെയ്തതാണെന്ന് ഗണേഷ്‌കുമാറിന് അറിയാമെന്ന് അദ്ദേഹത്തിന്റെ ഇന്നലത്തെ പ്രസംഗത്തിലൂടെ വ്യക്തമായിരിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

malayalam news