തിരുവനന്തപുരം: എന്‍.എസ്.എസ്സിന്റെ സമദൂരം തട്ടിപ്പാണെന്ന് നേരത്തേ അറിയാമായിരുന്നെന്ന് കോടിയേരിബാലകൃഷ്ണന്‍ . മുഖ്യമന്ത്രി സംസ്‌കാരമില്ലാത്തവനാണെന്നും ജനാധിപത്യബോധമില്ലാത്ത നേതാവാണെന്നുമുള്ള എന്‍.എസ്.എസ് സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന സംസ്‌കാരത്തിന് യോജിച്ചതല്ല, അത്തരം പ്രയോഗം ശരിയാണോയെന്ന് അവര്‍തന്നെ ആലോചിക്കേണ്ടതുണ്ട്.ഇപ്പോഴെങ്കിലും തുറന്ന് പറഞ്ഞത് നന്നായി. സമൂഹത്തില്‍ ഓരോരുത്തര്‍ക്കും ഓരോ സ്ഥാനമുണ്ട്, ആ സ്ഥാനത്തിനുള്ള ബഹുമാനം നല്‍കണം-കോടിയേരി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സമദൂരസിദ്ധാന്തം കൈവെടിഞ്ഞിരുന്നുവെന്നും ഇടതുപക്ഷത്തോടുള്ള വെറുപ്പുകൊണ്ടോ വലതുപക്ഷത്തോടുള്ള ആഭിമുഖ്യംകൊണ്ടോ അല്ല മറിച്ച് ഇടതുപക്ഷം ജയിക്കുകയാണെങ്കില്‍ വി.എസ് മുഖ്യമന്ത്രിയാകുന്നത് തടയാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.