വടകര: ദല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന യുവമോര്‍ച്ചക്കാരുടെ പ്രഖ്യാപനം കേട്ട് മാളത്തില്‍ ഒളിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്നെ ദല്‍ഹിയില്‍ തടയുമെന്ന യുവമോര്‍ച്ച നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.


Also read വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ‘കാളശക്തി’; വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ‘കണ്ടെത്തലുമായി’ ബാബാ രാംദേവും പതഞ്ജലിയും 


കണ്ണൂര്‍ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹി കേരളാഹൗസിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് കോടിയേരിക്കെതിരെ യുവമോര്‍ച്ചാ നേതാവ് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്.

ഇതിനോട് പ്രതികരിച്ച കോടിയേരി ഇനിയും ദല്‍ഹിയില്‍ പോകുമെന്നും യുവമോര്‍ച്ചക്കാരെ നേരിടാന്‍ ഡി.വൈ.എഫ്.ഐക്കാര്‍ മതി കമ്മ്യൂണിസ്റ്റ് കാര്‍ മൊത്തം വേണ്ടെന്നും വടകരയില്‍ പറഞ്ഞു.

പയ്യന്നൂരിലെ കൊലപാതകത്തെത്തുടര്‍ന്ന് സി.പി.ഐ.എം വിരുദ്ധ പ്രചാരവേലയ്ക്ക് ആര്‍.എസ്.എസുകാര്‍ നേതൃത്വം കൊടുക്കുകയാണെന്നും കോടിയേരി ആരോപിച്ചു. ഗവര്‍ണറെ വരെ പേടിപ്പിച്ച് സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.


Dont miss ‘ജീവിക്കാന്‍ മതം വേണ്ട’; താന്‍ പൂണൂല്‍ ഉപേക്ഷിച്ചത് പതിനൊന്നാം വയസ്സിലെന്നും കമലഹാസന്‍


ഗവര്‍ണര്‍ക്ക് പരമാവധി ചെയ്യാന്‍ കഴിയുക ഭരണം പിരിച്ച് വിടലാണെന്നും അങ്ങനെ സംഭവിച്ചാല്‍ പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 140 സീറ്റും നേടി അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പട്ടാള നിയമം വേണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നതെന്നും ഒട്ടേറെ കരി നിയമങ്ങളെ അതിജീവിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും പറഞ്ഞ കോടിയേരി പട്ടാളനിയമം ഏര്‍പ്പെടുത്തി സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ നോക്കേണ്ടെന്നും പറഞ്ഞു.