തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദ സംഘടനകള്‍ അനധികൃമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഒരാള്‍ തന്നെ വ്യാജ ഐ ഡി കാര്‍ഡ് ഉപയോഗിച്ച് ഒന്നിലധികം സിംകാര്‍ഡ് സ്വന്തമാക്കുന്നുണ്ട്. വ്യക്തമായ മേല്‍വിലാസമില്ലാതെ സിംകാര്‍ഡ് വിതരണം ചെയ്യുന്ന മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് കമ്പനികള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് തീവ്രവാദ സംഘടനകള്‍ നടത്തിയ അക്രമക്കേസുകളുടെ പുരോഗതി അന്വേഷിക്കും. അക്രമത്തിനുപയോഗിക്കുന്ന വ്യാജ നമ്പറുകളിലുള്ള വാഹനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്തും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി നീക്കം നടത്തും. സംസ്ഥാനത്ത് മാവോവാദികള്‍ ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് ക്യാംപ് സംഘടിപ്പിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാനത്ത് എട്ട് പുതിയ പോലീസ് സ്‌റ്റേഷനുകള്‍ കൂടി തുടങ്ങും. തൃശൂര്‍, കൊല്ലം ജില്ലകളില്‍ നഗരം, റൂറല്‍ എന്നിങ്ങനെയായി പോലീസിനെ വിഭജിക്കും. ഇതോടെ 19 പോലീസ് ജില്ലകള്‍ നിലവില്‍ വരും. പൂര്‍ണമായ സൈബര്‍ സെല്ലുകള്‍ ആരംഭിക്കും. കമ്യൂണിറ്റി പോലീസിങ് സംവിധാനം 100 ജില്ലകളില്‍ കൂടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷണാണ് കോടിയേരി വാര്‍ത്താ സമ്മേളനം നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ എന്‍ ഐ എ അന്വേഷിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം സംഘടനയെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കും. പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ മാത്രമുള്ള സംഘടനയല്ലെന്നും അതിനാല്‍ നിരോധനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നും അദ്ദേഹം പറഞ്ഞു.