തൃശ്ശൂര്‍: ആഭ്യന്തരമന്ത്രാലയത്തിനെതിരേ കര്‍ണാടക ആഭ്യന്തര മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ കൊടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ എതുവിധത്തിലുള്ള സഹായമാണ് കേരളം നല്‍കേണ്ടതെന്ന് കര്‍ണാടകം വ്യക്തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

മഅദനിയുടെ അറസ്റ്റിന് കേരളം സഹായിക്കുന്നില്ലെന്ന ആരോപണം തെറ്റാണ്. അറസ്റ്റിന് സഹായം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നാണ് കേരളത്തിന്റെ നിലപാട്. ഇത് നേരത്തേ വ്യക്തമാക്കിയിട്ടുമുള്ളതാണ്. മഅദനി വിഷയവുമായി ബന്ധപ്പെട്ട് കോടതിയുടെ വിമര്‍ശനത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് കര്‍ണാടക ശ്രമം. തീവ്രവാദകേസുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്താന്‍ താല്‍പ്പര്യമില്ലെന്നും കൊടിയേരി വ്യക്തമാക്കി.

മഅദനിയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ കേരളപോലീസ് നല്‍കിയില്ലെന്നായിരുന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ബി എസ് ആചാര്യ പറഞ്ഞത്. കേരളത്തിന്റെ പക്കല്‍ ഒരുപക്ഷേ അത്തരം വിവരങ്ങള്‍ ഇല്ലായിരിക്കാം, അല്ലെങ്കില്‍ മനപ്പൂര്‍വ്വം കൈമാറാതിരിക്കുന്നതായിരിക്കും എന്നും ആചാര്യ ആരോപിച്ചിരുന്നു.