കൊച്ചി: പ്രമുഖ നടിയെ അക്രമിച്ചതിനു പിന്നില്‍ ബി.ജെ.പി ബന്ധമുള്ളവരെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്വട്ടേഷന്‍ സംഘങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുക തന്നെ ചെയ്യുമെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.


Also read ഇതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു : സീതാറാം യെച്ചൂരി 


ചിലര്‍ പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തവരും എടുത്തവരും ജയിലില്‍ ഉണ്ട തിന്നേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു. നേരത്തേ നടിയെ തട്ടിക്കൊണ്ടു പോയതിന്റെ പിന്നില്‍ കോടിയേരിയുടെ മകനും സിനിമാ താരവുമായ ബിനീഷ് കോടിയേരിയാണെന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ചിരുന്നു.

അക്രമത്തെക്കുറിച്ച് കോടിയേരി നടത്തിയ തണുപ്പന്‍ പ്രതികരണം മകനെ രക്ഷിക്കാനാണെന്നും സംഭവത്തിനു പിന്നില്‍ ബിനീഷാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എ.എന്‍ രാധാകൃഷ്‌നായിരുന്നു ആരോപണം ഉന്നയിച്ചിരുന്നത്. ഇതിനു പിന്നാലെ സിപി.ഐ.എം നേതാവ് പി. ജയരാജന്റെ അയല്‍വാസിയാണ് കേസിലെ പ്രതിയെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് എം.ടി രമേശും രംഗത്തെത്തിയിരുന്നു ഇതിനോടുള്ള മറുപടിയായാണ് കോടിയേരിയുടെ പ്രതികരണം.

ആക്രമണത്തിന് പിന്നില്‍ സിനിമാ മേഖലയിലെ ക്വട്ടേഷന്‍ ബന്ധം ഉള്ളവരാണെന്ന് ആരോപണം ശക്തമായിട്ടുണ്ട.് മുന്‍ മന്ത്രിയും ചലച്ചിത്ര താരവുമായ കെ.ബി ഗണേഷ് കുമാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവയവരും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ രംഗത്തെത്തിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടക്കുന്നെന്ന ആരോപണവുമായി നിര്‍മ്മാതാക്കാളും രംഗത്തെത്തിയിട്ടുണ്ട്.