kodiyeryതിരുവനനന്തപുരം: കേരളമൊരു പോലീസ് രാജിലേക്ക് നീങ്ങുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന് പ്രതിപക്ഷ നേതാവ് കോടിയേരി. കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്കുനേരെ വെടിയുതിര്‍ത്ത എ.സി.പയെയും, ചാലക്കുടി മലക്കപ്പാറ പോലീസ് സ്‌റ്റേഷനില്‍ ആദിവാസി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച എ.സി.പിയെയും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഈ നടപടികളില്‍ നിന്ന് കേരളമൊരു പോലീസ് രാജിലേക്ക് നീങ്ങുന്നു എന്നാണ് വ്യക്തമാകുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

കോഴിക്കോട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ തോക്കുപയോഗിച്ച അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിയേരി പറഞ്ഞത്

‘ കോഴിക്കോട് 10 തീയ്യതി വിദ്യാര്‍ത്ഥികള്‍ക്കു നേരെ അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള വെടിവെച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം നടപടിയെടുക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചി്ട്ടുണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് ഡി.ജി.പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് സഭയ്ക്ക് മുമ്പാകെ വയ്‌ക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇന്നലെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് സഭാ ചട്ടം 298ന്റെ ലംഘനമാണ്. റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കാതെ മധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തി നല്‍കി.

അവിടെ വെടിവെയ്ക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി നേരത്തെ സഭയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പറഞ്ഞതിന് എതിരായി ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കില്ല. കോഴിക്കോട് കലക്ടറില്‍ നിന്നും പോലും വിവരങ്ങള്‍ ശേഖരിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ഥലത്ത് നിയോഗിക്കപ്പെട്ട എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെയാണ് വെടിവെച്ചത്. ഇക്കാര്യങ്ങളെല്ലാം ചുണ്ടാക്കാട്ടിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആഭ്യന്തര സെക്രട്ടറിയെ എല്‍പ്പിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആഭ്യന്തര സെക്രട്ടറി ഇന്നലെ ഗുരുവായൂരിലാണെന്ന് പറഞ്ഞു. ഇന്ന് അദ്ദേഹം വേറെവിടെയോ പോയി എന്നു പറയുന്നു. ഇനി അദ്ദേഹം എപ്പോഴാണ് ഇത് അന്വേഷിക്കുക? ഈ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടില്ലെന്നാണ് ഈ നിസാരസമീപനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ആഭ്യന്തര സെക്രട്ടറി ഇന്നലെ തന്നെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.

വിദ്യാര്‍ത്ഥികള്‍ക്കുനേരെ അതിക്രമം കാണിച്ച അസിസ്റ്റന്റ് കമ്മീഷണറെ സസ്‌പെന്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു. ഗവണ്‍മെന്റ് ചീഫ് വിപ്പ് തന്നെ ഇത് ആവശ്യപ്പെട്ടിട്ടും പോലീസുകാരനെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

ചാലക്കുടി മലക്കപ്പാറ പോലീസ് സ്‌റ്റേഷനില്‍ പാറുവെന്ന ആദിവാസി യുവതിയെ കയ്യും കാലും കെട്ടിയിട്ട് മര്‍ദ്ദിച്ച എ.സി.പിയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് കേരളമൊരു പോലീസ് രാജിലേക്ക് നീങ്ങുന്നുവെന്നാണ്. അതുകൊണ്ടാണ് പ്രതിപക്ഷം സഭയില്‍ ശക്തമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്.

സഭയില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്റ് വാര്‍ഡിനെ വിട്ട് മര്‍ദ്ദിക്കുകയാണുണ്ടായത്. നിയമസഭയ്ക്ക് പുറത്ത് പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ മര്‍ദ്ദിക്കുകയും സഭയ്ക്കുള്ളില്‍ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് എം.എല്‍.എ മാരെ കയ്യേറ്റംചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.’