kodiyery balakrishnanതിരുവന്തപുരം: ഹിറ്റ്‌ലറുടെ കാലത്തെ ഗീബല്‍സാണ് ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ചീഫ് വിപ്പ് ഗീബല്‍സിനെപോലെ നുണപ്രചാരകനായി മാറിയിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് നിയമസഭയ്ക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ അക്രമിച്ചതായി പരാതി ഉന്നയിച്ച വനിതാ വാച്ച് ആന്റ് വാര്‍ഡ് വി.എസ്. രജനികുമാരി കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നും കോടിയേരി ആരോപിച്ചു. ഭരണകക്ഷിക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. പോലീസിനെയും വാച്ച് ആന്റ് വാര്‍ഡിനെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താമെന്നുള്ളത് ഉമ്മന്‍ ചാണ്ടിയുടെ വ്യാമോഹം മാത്രമാണ്.

പോലീസിനെ വച്ച് ഭരണം നടത്തിയ സര്‍ക്കാറുകള്‍ നാണം കെട്ട് ഇറങ്ങിപ്പോയ ചരിത്രമാണ് കേരളത്തിലുണ്ടായിട്ടുള്ളതെന്ന് ഉമ്മന്‍ ചാണ്ടി ഓര്‍ക്കണം. നിയമസഭയില്‍ നിന്ന് സര്‍ക്കാറിന് ഒളിച്ചോടാനാകില്ല. സസ്‌പെന്‍ഷനിലൂടെ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാമെന്നും കരുതേണ്ട. ഭരണപക്ഷത്തിന്റെ ധിക്കാരത്തിനും ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കും മുന്നില്‍ പ്രതിപക്ഷം കീഴടങ്ങില്ല.

സഭാ കവാടത്തില്‍ പ്രതിപക്ഷം നടത്തിവരുന്ന സമരം ബഹുജനപ്രക്ഷോഭമായി മാറും. സ്പീക്കറുടെ ഓഫീസ് തന്നെ കോണ്‍ഗ്രസ് ഓഫീസായി മാറിയ സ്ഥിതിവിശേഷമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. സഭയില്‍ മേശമേല്‍ കാല്‍ ഉയര്‍ത്തിവച്ച് പ്രതിപക്ഷ അംഗങ്ങളോട് ആക്രോശിച്ച കെ.പി.മോഹനനെതിരെ നടപടിയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.