Categories

ഉമ്മന്‍ചാണ്ടി രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം: കോടിയേരി

തിരുവനന്തപ്പുരം: ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു ഭരണത്തില്‍ ഇടപെടുന്നതായി തെളിഞ്ഞ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണ്‍വിളിച്ച സംഭവത്തില്‍ അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സഭ വിട്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

തടവില്‍ കഴിയുന്ന ബലകൃഷ്ണപിള്ള മൊബൈല്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെ വിളിച്ചതായുള്ള പരാതി ഓഗസ്റ്റ് ഒന്‍പതിന് ഡല്‍ഹിയിലെ ഒരു നിയമ വിദ്യാര്‍ത്ഥി നല്‍കിയിട്ട് ഇതുവരെ അക്കാര്യം അന്വേഷിച്ചിട്ടില്ല. സ്വന്തം അച്ഛനെ രക്ഷിക്കാന്‍ വേണ്ടി ഗണേഷ്‌കുമാര്‍ എല്ലാ നിയമങ്ങളും ലംഘിച്ചു. ഗണേഷ്‌കുമാറിന്റെ പ്രൈവറ്റ് സ്റ്റാഫ് ആയ മനോജ് എന്ന ആള്‍ പിള്ളയുടെ സഹായി ആയി പ്രവര്‍ത്തിക്കുന്നു. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് നിയമലംഘനമല്ല ചട്ടലംഘനം മാത്രമാണ് നടന്നത് എന്നാണ്. ഗുരുതരമായ നിയമലംഘനവും സ്വജനപക്ഷപാതവും തന്നെയാണ് നടന്നിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള തിരുവനന്തപ്പുരം മെഡിക്കല്‍ കോളേജ് ഉണ്ടായിട്ടും ബാലകൃഷ്ണപിള്ളയെ പ്രവേശിപ്പിച്ചത് സ്വകാര്യ ആശുപത്രിയിലാണ്. ഒരു തടവുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളോ നിയമങ്ങളോ ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. കേരളത്തില്‍ ഇന്നുവരെ ഒരു തടവു പുള്ളിയെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയി ചികിത്സിച്ചിട്ടില്ല. ബാലകൃഷ്ണപിള്ള യു.ഡി.എഫിന്റെ ഉന്നതാധികാര സമിതിയില്‍ ഉള്ള ആളായതു കൊണ്ട് എല്ലാ നിയമങ്ങളും ലംഘിക്കപ്പെടുകയാണുണ്ടായത്.

ജയിലില്‍ കിടക്കുന്ന മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ഭരണത്തില്‍ ഇടപെടാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും മന്ത്രിയായ മകന്‍ ഗണേഷ്‌കുമാറിനെയും ചീഫ്‌വിപ്പിനെയും വിളിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഞാന്‍ നിയമസഭയില്‍ നോട്ടീസ് നല്‍കിയത്. ഈ വിഷയം ആദ്യം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ ബലകൃഷ്ണപിള്ള മുഖ്യമന്ത്രിയെയും വിളിച്ചിട്ടുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. അന്ന് മുഖ്യമന്ത്രി അത് നിഷേധിച്ചില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് ഉമ്മന്‍ചാണ്ടി ഇത് നിഷേധിച്ചത്-കോടിയേരി ചൂണ്ടിക്കാട്ടി.

നിയമലംഘനം പുറത്തു കൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. പിള്ളയെ വിളിച്ചവരെ ജയിലില്‍ അടക്കാന്‍ നോക്കിയാല്‍ ആദ്യം ചീഫ്‌വിപ്പ് ജയിലില്‍ പോകേണ്ടി വരും, എന്നിട്ടേ റിപ്പോര്‍ട്ടര്‍ ടി.വിക്കാരനെ ജയിലില്‍ അടക്കാനാകൂ. അഴിമതി പുറത്തു കൊണ്ടു വരുന്നവര്‍ക്കുള്ള 5000 രൂപ ഇക്കാര്യം പുറത്തു കൊണ്ടു വന്ന മാധ്യമപ്രവര്‍ത്തകന് നല്‍കണം.

ചീഫ് വിപ്പിനും മന്ത്രി ഗണേഷ് കുമാറിനും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അഴിമതിരഹിതവും സുതാര്യതയും എന്ന വാഗ്ദാനം വെറും പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഹൈക്കോടതി സിറ്റിംഗ് ജഡിജിയെ വെച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

വാളകം സംഭവത്തില്‍ ഒരോ ദിവസവും പോലീസ് കാര്യങ്ങള്‍ മാറ്റിപ്പറയുകയാണ്. അത്‌കൊണ്ട് തന്നെ അധ്യാപകനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

2 Responses to “ഉമ്മന്‍ചാണ്ടി രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം: കോടിയേരി”

 1. RAJAN Mulavukadu.

  അപ്പോള്‍ കാര്യം പിടികിട്ടി.
  ഈ രാജിക്ക് വേണ്ടിയാണോ
  ഇത്ര വലിയ കോലാഹലം നടത്തിയത്,
  നേരിട്ട് ചെന്ന് ചാണ്ടി യോട് പറഞ്ഞെ ചെന്കില്‍ അങ്ങേരു
  രാജി കത്തെഴുതി സഖാവിനെ എല്പിചെനെ.

 2. RAJAN Mulavukadu.

  പ്രിയ സഖാവെ,
  താങ്കള്‍ അഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ എത്ര തടവുകാര്‍ താങ്കളെ വിളിച്ചു വെന്നും, താങ്കള്‍ അവരെ ജയിലില്‍ സന്ദര്‍ശിച്ചു വെന്ന്ത്തതും മദ്യമാങ്ങളിലൂടെ അറിഞ്ഞ എളിയ പൌരനാണ് ഞാന്‍, അവര്‍ താങ്കളെ വിളിച്ചപോള്‍ ഇല്ലാത്ത അന്വേഷണം ഇന്നിപ്പോള്‍ ഇന്നു ആവശ്യമുണ്ടോ????
  അന്നത്തെ അന്വഷണം എത്രത്തോള മായി,????????
  ആ തടവുകാരുടെ സിം കാര്‍ഡില്‍ നിന്നും പോയിട്ടുള്ള മറ്റു കോളുല്കളുടെ വിശദ വിവരങ്ങള്‍,
  അവര്‍ക്ക് എങ്ങിനെ ജയിലിനുള്ളില്‍ മൊബൈല്‍ കിട്ടി,
  ഇതിനൊക്കെ ഒരു മന്ത്രി ആയിരുന്ന താങ്കള്‍ താങ്കളുടെ ഭരണ കാലത്ത് എന്തെല്ലാം നടപടി എടുത്തു എന്നും പറയാന്‍ താങ്കള്‍ ഉതിര വാതിത്വം ഉണ്ട്,
  അതൊക്കെ താങ്കള്‍ ഒര്മുക്കതതോ????????
  അതോ മറന്നു പോയതോ?????????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.