എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തെ രാഷ്ട്രീയ സമരമായി മാറ്റേണ്ടതില്ല: ഭൂമിപ്രശ്‌നത്തെ വലിച്ചിഴച്ച് മാധ്യമപ്രവര്‍ത്തകര്‍ സമരം കുളമാക്കരുതെന്നും കോടിയേരി
എഡിറ്റര്‍
Saturday 28th January 2017 3:10pm

kodiyeri
തിരുവനന്തപുരം: ലോ അക്കാദമിയിലേത് വിദ്യാര്‍ത്ഥി സമരമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിദ്യാര്‍ത്ഥി സമരത്തെ രാഷ്ട്രീയസമരമാക്കി മാറ്റേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.


സമരത്തിന് രാഷ്ട്രീയമുഖം നല്‍കാനുള്ള ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും കോടിയേരി പറഞ്ഞു. സമരത്തെ രാഷ്ട്രീയ സമരമാക്കി മുതലെടുക്കാനാണ് ചിലരുടെ ശ്രമമെന്നും കോടിയേരി പറഞ്ഞു. ലോ അക്കാദമിയില്‍ ബി.ജെ.പി നേതാവ് വി. മുരളീധരന്‍ നടത്തുന്ന നിരാഹാര സമരം തുടരുന്ന സാഹചര്യത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് തയ്യാറാകണം. ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിലേക്ക് ഭൂമി പ്രശ്‌നത്തെ വലിച്ചിഴക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

ഭൂമി പ്രശ്‌നം ഇതിലേക്ക് വലിച്ചിഴച്ച് മാധ്യമങ്ങള്‍ ഇത് കുളമാക്കരുതെന്നും കോടിയേരി പറഞ്ഞു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കാണാനായി സമരപ്പന്തലിലെത്തിയ കോടിയേരി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അതേസമയം ലോ അക്കാദമി വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാന്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം ഇന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ലക്ഷ്മി നായര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്ന് സി.പി.ഐ.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഉപസമിതിയിലെ സി.പി.ഐ.എം അംഗങ്ങളോട് നിലപാട് കടുപ്പിക്കാനാണ് പാര്‍ട്ടി നിര്‍ദേശം.

 

Advertisement