തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ കൂടംകുളം സന്ദര്‍ശനം പാര്‍ട്ടി അറിവോടെയല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് ജനറല്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി നിലപാടിനെ അട്ടിമറിക്കുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

Ads By Google

പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്ക് അവഗണിച്ചാണ് വി.എസ് കൂടംകുളം സന്ദര്‍ശിക്കാനൊരുങ്ങുന്നത്. നാളെ രാവിലെ 9.30 ന് താന്‍ കൂടംകുളത്തേക്ക് പോകുമെന്ന് വി.എസ് ഇന്ന് രാവിലെയാണ് പ്രഖ്യാപിച്ചത്.

തമിഴ്‌നാടിനെ മാത്രമല്ല ദക്ഷിണേന്ത്യയെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണിതെന്നും പ്രശ്‌നത്തില്‍ ഇടപെടാതെ മാറിയിരിക്കാന്‍ കഴിയില്ലെന്നും വി.എസ് പറഞ്ഞു.

കൂടംകുളം പോലുള്ള ആണവനിലയങ്ങള്‍ ജനങ്ങളെയും ഭാവി തലമുറയേയും ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയണം. അത്തരത്തില്‍ ഉറപ്പുപറയാന്‍ കഴിയുന്ന പഠന റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ ഇത്തരം പദ്ധതികളുടെ കൂടെ നില്‍ക്കുകയുള്ളൂ. കൂടംകുളത്തെ ജനങ്ങള്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്തുകയും വെടിവെപ്പും ലാത്തിച്ചാര്‍ജ്ജും നടത്തുകയും ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.

കൂടംകുളം: പാര്‍ട്ടി നിലപാടിനെതിരെ വി.എസ്