Categories

ഉമ്മന്‍ചാണ്ടി കരുണാകരനാവേണ്ട: കോടിയേരി

kodiyery balakrishnanതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരുണാകരനാകാന്‍ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. പോലീസിനെ ഉപയോഗിച്ച് എല്ലാവരെയും ‘ശരിയാക്കുക’ എന്ന കരുണാകരന്റെ രീതിയാണ് ഉമ്മന്‍ചാണ്ടി പിന്‍തുടരാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയില്‍ നിന്നിറങ്ങിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പോലീസിനെ ഉപയോഗിച്ച് എല്ലാവരെയും ശരിയാക്കുക’ എന്ന രീതിയാണ് കരുണാകരന്‍ പിന്‍തുടര്‍ന്നത്. ചില എ കോണ്‍ഗ്രസുകാര്‍ ചേര്‍ന്ന് ഈ രീതിമാറ്റി പോലീസിനെ കുറച്ചുകൂടി ജനകീയമാക്കാന്‍ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അക്കൂട്ടത്തില്‍പെട്ടയാളാണ്. എന്നാല്‍ ഇപ്പോള്‍ കരുണാകരന്‍ പിന്‍തുടര്‍ന്ന രീതിയിലേക്ക് തന്നെ മുഖ്യമന്ത്രി പോകുന്നതാണ് കാണുന്നതെന്നും കോടിയേരി വ്യക്തമാക്കി. കോഴിക്കോട് വെടിവെപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി സ്വീകരിക്കുന്ന മെല്ലെപ്പോക്ക് സമീപനത്തെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോഴാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.

വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം

‘വെടിവെപ്പിനെക്കുറിച്ച് ഡി.ജി.പി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഡി.ജി.പി കണ്ണൂര്‍ ഡി.ഐ.ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കോഴിക്കോട് എ.ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയെന്നുമാണ് പിന്നീട് അറിഞ്ഞത്. ഇപ്പോള്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പോലീസ് സേനയില്‍പെട്ടയാളുടെ റിപ്പോര്‍ട്ടായതിനാല്‍ പോലീസിന് പുറമേയുള്ള ഒരാള്‍ അന്വേഷിച്ചശേഷമേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പോലീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആഭ്യന്തര വകുപ്പിലെ ഒരാള്‍ക്ക് തന്നെ ഇതിന്റെ അന്വേഷണ ചുമതല നല്‍കുന്നത് അംഗീകരിക്കാനാവില്ല. ‘

‘ഇതുസംബന്ധിച്ച് ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്നും പറയാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. സര്‍ക്കാരിനെതിരെയാണ് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അതുകൊണ്ടാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച് മുഖ്യമന്ത്രി മൗനം തുടരുന്നത്. ‘

‘യാതൊരു നടപടിക്രമവും പാലിക്കാതെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിവെച്ചത്. അനുമതിയില്ലാതെയാണ് ഉദ്യോഗസ്ഥന്‍ തോക്കുപയോഗിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്. പോലീസ് മാനുവലിന് എതിരായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിവെച്ചത് എന്നതാണ് ഏറ്റവും വലിയ പിഴവ്. റൈഫിള്‍ ഉപയോഗിക്കാന്‍ പോലീസ്‌കാര്‍ക്ക് നിര്‍ദേശം നല്‍കുക പോലും ചെയ്യാതെ സ്വന്തം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അദ്ദേഹം വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുപയോഗിക്കാനുള്ള യാതൊരു സാഹചര്യവും അവിടെയുണ്ടായിരുന്നില്ലെന്ന് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാം.’

‘സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് വെടിവെച്ചതെന്ന് പോലീസുകാരന്‍ പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. തനിക്കെതിരെ ആക്രമണം നടക്കുകയാണെങ്കില്‍ സ്വയം രക്ഷയ്ക്കുവേണ്ടി പോലീസുകാരന് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിക്കാം. പോലീസുകാരനില്‍ നിന്നും കുറച്ചകലെയാണ് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പറഞ്ഞതുപോലെ പരുക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ടിയല്ല അദ്ദേഹം ഇങ്ങനെ ചെയ്തത്. മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണ് പോലീസുകാരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തിക്കാത്തതില്‍ രോഷം പൂണ്ട് ‘അയാള്‍ വെടിവെച്ച് കളിക്കുകയാണെന്ന് ‘ പോലീസുകാര്‍ പറയുന്നത് ടെലിവിഷന്‍ ദൃശ്യങ്ങളിലുണ്ടായിരുന്നു.’

‘ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ ഗവണ്‍മെന്റിന് പുറത്തുള്ള ഒരാള്‍ അന്വേഷിച്ചാലേ സത്യം പുറത്തുവരൂ. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ ഇതിനെതിരായ സമരത്തില്‍ നിന്നും പിന്നോട്ട് പോവില്ല.’

‘എ.സി.പിയെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തിനാണ്? ഈ കാര്യത്തില്‍ ബഹുദൂരം വേണം അതിവേഗം വേണ്ടയെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അപ്പോള്‍ അദ്ദേഹത്തിന്റെ ശരീരഭാഷ കണ്ടാല്‍ അദ്ദേഹം ആരെയോ ഭയപ്പെടുന്നുണ്ടെന്ന് വ്യക്തമാണ്. കെ.പി.സി.സിയോ, കോണ്‍ഗ്രസോ എ.സി.പിയെ സംരക്ഷിക്കുന്നതരത്തില്‍ പ്രസ്താവന നടത്തിയിട്ടില്ല. സസ്‌പെന്റ് ചെയ്യുണമെന്ന ആവശ്യത്തെ അവര്‍ ഇതുവരെ എതിര്‍ത്തിട്ടുമില്ല. പിന്നെ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നതെന്ന് വ്യക്തമാക്കണം. ഇത് മുഖ്യമന്ത്രിയുടെ പോലീസ് നയത്തിന്റെ ഭാഗമാണെങ്കില്‍ അതും തുറന്നുപറയണം.’

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.