വളയം: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പൂര്‍ണ്ണ പിന്തുണയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വളയത്തെ പൂവ്വംവയലില്‍ പാര്‍ട്ടി സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് പാര്‍ട്ടിയും സര്‍ക്കാറും കൂടെയുണ്ടാകുമെന്ന കോടിയേരിയുടെ പ്രഖ്യാപനം.

ഇതോടെ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ പരാമര്‍ശങ്ങളെ പൂര്‍ണ്ണമായും തള്ളുകയും കൂടിയാണ് കോടിയേരി ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പാര്‍ട്ടി സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിലാണ് ജിഷ്ണുവിന്റെ കുടുംബത്തെ എളമരം കരീം രൂക്ഷമായി വിമര്‍ശിച്ചത്.

സമരത്തില്‍ പങ്കെടുത്തവരുടെ സാന്നിദ്ധ്യത്തിലായിരുന്നു എളമരത്തിന്റെ പ്രസംഗം എന്നതും ശ്രദ്ധേയമായിരുന്നു. എളമരത്തിന്റെ വളയത്തെ പ്രസ്താവനകള്‍ നവമാധ്യമങ്ങളില്‍ വന്‍തോതില്‍ ചര്‍ച്ചയായിരുന്നു.


Also Read: ‘കല്ല്യാണമൊക്കെ കഴിഞ്ഞു പക്ഷെ ഭാര്യയെ കൂട്ടിക്കൊണ്ടു വന്നില്ല’; മോദിയെ ട്രോളി ബി.ജെ.പി എം.പി


കൃഷ്ണദാസ് അടക്കമുള്ളവരെ ഒളിവില്‍ താമസിപ്പിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് കോടിയേരി ആരോപിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം സര്‍ക്കാറിനെതിരെ തിരിക്കാന്‍ എസ്.യു.സി.ഐ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ കോടതിയുടെ നടപടികളാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചത്. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തില്ല. കേസുമായി ബന്ധപ്പെട്ട എന്ത് പ്രശ്‌നം ഉണ്ടായാലും കുടുംബത്തിന്റെ കൂടെ പാര്‍ട്ടിയും സര്‍ക്കാറും ഉണ്ടാകുമെന്ന ഉറപ്പും കോടിയേരി നല്‍കി.

ജിഷ്ണുവിന്റെ വീട്ടിലെത്തി അമ്മ മഹിജയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കോടിയേരി പരിപാടിയ്‌ക്കെത്തിയത്. അര മണിക്കൂറോളം അദ്ദേഹം ജിഷ്ണുവിന്റെ വീട്ടില്‍ ചെലവഴിച്ചു.