കോട്ടയം: മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ പുകമറ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ചന്ദനമാഫിയക്കു പിന്നില്‍ മുസ് ലിം ലീഗാണെന്നും കോടിയേരി ആരോപിച്ചു.

കഴിഞ്ഞ നാലരവര്‍ഷവും മുഖ്യമന്ത്രിക്കെതിരേ ആരോപണമുന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനെതിരേ തിരിഞ്ഞിരിക്കുകയാണ്. ലീഗുകാരനാണ് ഇതിന് പിന്നില്‍. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്സിനെ എന്തിന് ചന്ദനമാഫിയ സ്വാധീനിക്കണമെന്നും കോടിയേരി ചോദിച്ചു.

ചന്ദനമാഫിയയെ നിയന്ത്രിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും യു.ഡി.എഫിനകത്ത് തുടരണോ എന്ന കാര്യം കെ.എം മാണി ചിന്തിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

മാണിയുടെ നില പരിതാപകരം
യു.ഡി.എഫില്‍ കെ.എം മാണിയുടെ നില ഏറെ പരിതാപകരമാണെന്ന് കോടിയേരി പറഞ്ഞു. ചവിട്ടും കുത്തുമേല്‍ക്കാനാണ് മാണിയുടേയും പ്രവര്‍ത്തകരുടേയും വിധിയെന്നും ആഭ്യന്തരമന്ത്രി പ്രതികരിച്ചു.

80കളില്‍ എല്‍.ഡി.എഫിനൊപ്പം പ്രവര്‍ത്തിച്ച ആളാണ് മാണി. തുടര്‍ന്ന് യു.ഡി.എഫിലേക്ക് പോവുകയായിരുന്നു. നിലവില്‍ മാണിയുടെ സ്ഥിതി പരിതാപകരമാണെന്നും ഇനിയും യു.ഡി.എഫില്‍ തുടരണമോ എന്ന കാര്യം അദ്ദേഹം ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു.