തിരുവനന്തപുരം: അബ്ദുള്‍ നാസര്‍ മഅദനിയെ അറസ്റ്റുചെയ്യാനുള്ള എല്ലാ സാഹചര്യവും കേരളപോലീസ് ഒരുക്കിയിരുന്നതായി ആഭ്യന്ത്രമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍. കേസിന്റെ ന്യായ-അന്യായങ്ങളിലേക്ക് കടക്കുന്നില്ലെന്നും മഅദനി കുറ്റവാളിയാണോ എന്നത് കോടതി തീരുമാനിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

‘കര്‍ണാടക പോലീസിന് സഹായം ചെയ്തില്ല എന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. രാഷ്ട്രപതിയുടെ സന്ദര്‍ശനവും സ്വാതന്ത്യദിനവും കണക്കിലെടുത്താണ് പോലീസിനെ വിട്ടുതരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചത്. 16 ന് പ്രത്യേക പോലീസ് സംഘം കേരളത്തിലെത്തുകയും അറസ്റ്റിനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണുണ്ടായതെന്ന് കൊടിയേരി പറഞ്ഞു.

‘ നേരത്തേ കോടതിയില്‍ കീഴടങ്ങുമെന്ന് മഅദനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനം വിളിക്കുകയും മഅദനി മനപ്പൂര്‍വ്വം സമയം വൈകിക്കുകയുമാണെന്ന സംശയം കര്‍ണാടക പോലീസ് ഉന്നയിക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ക്രമസമാധാനപ്രശ്‌നം ഉണ്ടാകരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അന്‍വാര്‍ശേരിക്കുള്ളിലെ യത്തീംഖാനയില്‍ കടന്ന് മഅദനിയെ അറസ്റ്റുചെയ്യാതിരുന്നതെന്നും കോടിയേരി വ്യക്തമാക്കി.