തിരുവനന്തപുരം: പൊതുനിരത്തിലെ യോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍. വിധിക്കെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയതിനെത്തുടര്‍ന്നാണ് അപ്പീല്‍ പോകുന്നതെന്നും കോടിയേരി പറഞ്ഞു.

ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍, ഗോപിനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാറിന്റെ ഹരജി തള്ളിയത്. പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നത് അനുവദിക്കാനാവില്ല. കോടതി നേരത്തെ പ്രഖ്യാപിച്ച വിധിയില്‍ അപാകതയില്ല. പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഗതാഗതം തടസ്സപ്പെടുത്തി പൊതുയോഗം സംഘടിപ്പിക്കുന്നത് മൗലികാവകാശമല്ലെന്നും കോടതി നിരീക്ഷിച്ചു.