തിരുവനന്തപുരം: തിരുവനന്തപുരത്തെ ബി.ജെ.പി ആക്രമണം മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര നേതാക്കള്‍ക്കുമുമ്പില്‍ മുഖം രക്ഷിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഓഫീസിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച കോടിയേരി സി.പി.ഐ.എം അക്രമത്തിന്റെ ഭാഗമാകാന്‍ പാടില്ലെന്നും പറഞ്ഞു.

ആദ്യമായി ആക്രമണം നടന്നത് സി.പി.ഐ.എം നേതാവ് കാട്ടാക്കട ശശിയുടെ വീടിനുനേരെയാണ്. പിന്നീട് സി.പി.ഐ.എം നേതാക്കളുടെയെല്ലാം വീടുകള്‍ക്കുനേരെ ആക്രമണം നടന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാത്രി അനിഷ്ട സംഭവങ്ങളുണ്ടായതെന്നും കോടിയേരി വിശദീകരിച്ചു.


Must Read:‘എനിക്കും ജീവിക്കണം’; ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി ഉഷ


‘ആക്രമണം ആര്‍.എസ്.എസും ബി.ജെ.പിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെ ലക്ഷ്യമിട്ടാണ് വീടിനുനേരെ ആക്രമണമുണ്ടായത്. ബീനീഷിനോട് ഇപ്പോള്‍ ആര്‍ക്കും ശത്രുതയുണ്ടാവാനാടയില്ല. ഞാന്‍ ഇടയ്ക്ക് ഇവിടെ വന്നു താമസിക്കാറുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.ഇന്നലെ തിരുവനന്തപുരത്ത് തീവണ്ടി ഇറങ്ങിയ ഞാന്‍ ഇങ്ങോട്ടേക്ക് എത്തിയപ്പോള്‍ നാലു മണി കഴിഞ്ഞിരുന്നു. ഞാന്‍ വരുന്നതിനു മുമ്പാണ് ഇവിരെ ആക്രമണം നടന്നത്. ‘ അദ്ദേഹം പറഞ്ഞു.

തന്നെ ലക്ഷ്യമിട്ടു മാത്രമല്ല കാട്ടാക്കട ഏരിയാ കമ്മിറ്റി, ജില്ല കമ്മിറ്റി നേതാക്കളുടെ വീടുകള്‍ക്കും മറ്റ് പ്രാദേശിക നേതാക്കളുടെവീടുകള്‍ക്കും നേരെയും ആക്രമണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.