തിരുവനന്തപുരം: മുസ്‌ലിംങ്ങള്‍ക്കെതിരായി രാജ്യത്ത് സംഘപരിവാര്‍ നടത്തിവരുന്ന വര്‍ഗീയവിദ്വേഷപ്രചരണത്തിന്റെ നേരിട്ടുള്ള ഫലമാണ് ദല്‍ഹി – മഥുര ട്രെയിനിലുണ്ടായ വര്‍ഗീയ ആക്രമണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

നമ്മുടെ രാജ്യത്ത് ആര്‍.എസ്.എസ് സംഘപരിവാരം ഉണര്‍ത്തിവിട്ട രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണ് ജുനൈദിന്റെ കൊലപാതകമെന്നും ബീഫിന്റെ പേരില്‍ കൊല നടത്തുന്ന ഗോ സംരക്ഷകരായ സംഘപരിവാറുകാര്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വമില്ലാതെ ഇത്തരമൊരക്രമം സംഘടിപ്പിക്കാന്‍ കഴിയില്ലെന്നും കോടിയേരി പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണാന്‍ പോര്‍ച്ചുഗലില്‍ നിന്നും അമേരിക്കയിലേക്ക് പോവുകയാണ്. ഇന്ത്യയില്‍ മുസ്‌ലീം സഹോദരങ്ങള്‍ നിരന്തരം കൊല്ലപ്പെടുമ്പോള്‍, വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കുന്ന മദ്യചഷകങ്ങളോടെയുള്ള അത്താഴവിരുന്നില്‍ സന്തോഷം കണ്ടെത്തുന്ന മോദി ജനാധിപത്യത്തിന്റെയും സെക്കുലറിസത്തിന്റെയും വക്താവല്ല ഫാസിസത്തിന്റെ പ്രയോക്താവാണെന്ന് സ്വയം തെളിയിക്കുകയാണെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘റംസാന്‍ ആചരണത്തിന്റെ ഭാഗമായ പകല്‍ വ്രതം മുറിക്കാനായി വീട്ടിലേക്ക് വരവെയാണ് ഞങ്ങളുടെ മക്കള്‍ ആക്രമിക്കപ്പെട്ടത്. മാട്ടിറച്ചി കഴിക്കുന്നവരെന്ന് ആക്ഷേപിച്ചാണ് കുട്ടികളെ അടിക്കുകയും കുത്തകയും ചെയ്തത്. പകല്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ക്ഷീണിതരായിരുന്ന കുട്ടികളെയാണ് അവര്‍ ആക്രമിച്ചത്.’ ഡല്‍ഹി – മഥുര ട്രെയിനിലുണ്ടായ വര്‍ഗീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹരിയാനയിലെ ബല്ലഭ്ഗഡ് സ്വദേശി ജുനൈദിന്റെ മാതാപിതാക്കള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞ വാക്കുകളാണിത്.


Dont Miss നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെയും നാദിര്‍ഷയുടേയും മൊഴി എടുക്കും: മൊഴിയെടുപ്പ് രഹസ്യകേന്ദ്രത്തില്‍ വെച്ച്


നമ്മുടെ രാജ്യത്ത് ആര്‍ എസ് എസ് സംഘപരിവാരം ഉണര്‍ത്തിവിട്ട രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണ് ഈ പാതകവും. ബീഫ്‌ന്റെ പേരില്‍ കൊല നടത്തുന്ന ഗോ സംരക്ഷകര്‍ സംഘപരിവാറുകാര്‍ തന്നെയാണ്. രാഷ്ട്രീയ രക്ഷാകര്‍തൃത്വമില്ലാതെ ഇത്തരമൊരക്രമം സംഘടിപ്പിക്കാന്‍ കഴിയില്ല.

ഇത്രയും വേദനാജനകമായ ഒരു സംഭവം നടന്നിട്ടും ജുനൈദിന്റെ കുടുംബത്തിന്റെ ദുഖം പങ്കിടാന്‍, ഒന്നാശ്വസിപ്പിക്കാന്‍ സര്‍ക്കാരിന്റെയോ, ഭരണകക്ഷിയുടേയോ പ്രതിനിധികള്‍ തയ്യാറായിട്ടില്ല.

മുസ്‌ലിംങ്ങള്‍ക്കെതിരായി രാജ്യത്ത് സംഘപരിവാര്‍ നടത്തിവരുന്ന വര്‍ഗീയവിദ്വേഷപ്രചരണത്തിന്റെ നേരിട്ടുള്ള ഫലമാണ് ഈ ആക്രമണം. ഉത്തരേന്ത്യയിലെ പോലീസ് സംവിധാനമൊക്കെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു എന്നതുകൊണ്ടാണ് പരാതികളില്‍ നടപടികളുണ്ടാവാത്തത്.
ന്യൂനപക്ഷ വിഭാഗങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് സംജാതമാവുന്നത്. സായുധരായ ഗോ സംരക്ഷകര്‍ എങ്ങിനെ ട്രെയിനില്‍ സഞ്ചരിക്കുന്നു എന്ന ചോദ്യത്തിനും അധികൃതര്‍ ഉത്തരം തരുന്നില്ല. തിരക്കേറിയ ട്രെയിനില്‍ വലിയ കത്തികളടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ഇത്തരം ഒരു കൃത്യം നടത്തണമെങ്കില്‍ തീര്‍ച്ചയായും രാഷ്ട്രീയ സംരക്ഷണമുണ്ടാവും.

‘എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും സുരക്ഷ’ എന്ന കേന്ദ്ര ഭരണാധികാരികളുടെ അവകാശവാദമാണ് രാജ്യത്ത് തകര്‍ന്നു വീഴുന്നത്. രാജ്യത്തെ പൗരന്‍മാര്‍ക്ക് സുരക്ഷയില്ലാതായിരിക്കുന്നു.

ജുനൈദിന്റെ കൊലപാതകത്തിന് പിന്നാലെ കല്‍ക്കത്തയില്‍ കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മുഹമ്മദ് നസിറുള്‍ ഹക്ക്, മുഹമ്മദ് സമിറുദ്ദീന്‍, മുഹമ്മദ് നാസിര്‍ എന്നീ മൂന്ന് മുസ്‌ലിം യുവാക്കളെ മര്‍ദിച്ചു കൊന്നെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ സംഘപരിവാരം ആഹ്ലാദ ചിത്തരാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണാന്‍ പോര്‍ച്ചുഗലില്‍ നിന്നും അമേരിക്കയിലേക്ക് പോവുകയാണ്. ഇന്ത്യയില്‍ മുസ്ലീം സഹോദരങ്ങള്‍ നിരന്തരം കൊല്ലപ്പെടുമ്പോള്‍, വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കുന്ന മദ്യചഷകങ്ങളോടെയുള്ള അത്താഴവിരുന്നില്‍ സന്തോഷം കണ്ടെത്തുന്ന മോഡി; ജനാധിപത്യത്തിന്റെയും സെക്കുലറിസത്തിന്റെയും വക്താവല്ല ഫാസിസത്തിന്റെ പ്രയോക്താവാണെന്ന് സ്വയം തെളിയിക്കുകയാണ്.