എഡിറ്റര്‍
എഡിറ്റര്‍
‘ഇതാണോ നിങ്ങള്‍ പറഞ്ഞ പാകിസ്താന്‍’; അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍
എഡിറ്റര്‍
Monday 5th June 2017 9:04pm

കോഴിക്കോട്: ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച നേട്ടങ്ങള്‍ കൈവരിച്ച കേരളത്തെയാണോ പകിസ്താന്‍ എന്ന് വിളിച്ച് ബി.ജെ.പിക്കാര്‍ അധിക്ഷേപിക്കുന്നത് എന്ന് കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പി അനുകൂല ചാനലായ ടൈംസ് നൗ കഴിഞ്ഞ ദിവസം കേരളത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു.


Also Read: അറബ് രാഷ്ട്രങ്ങളുടെ ഉപരോധം ഖത്തറിനെ ബാധിക്കുന്നത് ഇങ്ങനെ


ദക്ഷിണേന്ത്യക്കാരെല്ലാം തരംതാണവരാണെന്നും കറുത്തവരാണെന്നും ചിത്രീകരിച്ച ബി.ജെ.പി നേതാവ് തരുണ്‍ വിജയിന്റെ അഭിപ്രായ പ്രകടനവും അമിത് ഷാ കേരളത്തിലെത്തി നടത്തിയ നിന്ദാ സംസാരങ്ങളും കേരളത്തെ രാജ്യത്തിന് മുന്നില്‍ അവമതിക്കുന്ന വിധത്തിലുള്ളവയാണെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


Don’t Miss: പ്രണോയ് റോയിയ്‌ക്കെതിരായ നടപടിയ്ക്കു പിന്നില്‍ ബിസിനസ് താല്‍പര്യമോ? എന്‍.ഡി.ടി.വി സ്വന്തമാക്കാന്‍ ബാബ രാംദേവ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്


കേരളം കൈവരിച്ച നേട്ടങ്ങളുടെ വലിയ പട്ടികയും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇനിയെങ്കിലും ബി.ജെ.പിക്കാര്‍ ഇത്തരം പ്രചരണങ്ങളില്‍ നിന്ന് പിന്‍വാങ്ങണം. കേരളത്തെ മൊത്തത്തില്‍ അധിക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായി ബി.ജെ.പി മാറിയിരിക്കുന്നുവെന്നും കേരളത്തെ ഇനിയും അപമാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

കേരളത്തെ പാക്കിസ്ഥാനായി ഒരു ദേശീയ ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചിരുന്നു. ദക്ഷിണേന്ത്യക്കാരെല്ലാം തരംതാണവരാണെന്നും കറുത്തവരാണെന്നും ചിത്രീകരിച്ച് ബി ജെ പി നേതാവ് തരുണ്‍ വിജയ് നടത്തിയ അഭിപ്രായപ്രകടനവും കേരളത്തില്‍ വന്ന അമിത്ഷാ നടത്തിയ നിന്ദാ സംസാരങ്ങളും കേരളത്തെ രാജ്യത്തിന് മുന്നില്‍ അവമതിക്കുന്ന വിധത്തിലുള്ളവയാണ്.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യുമ്പോള്‍ എല്ലാ മേഖലകളിലും കേരളം മുന്നിലാണ്.
– സാക്ഷരതയില്‍ കേരളമാണ് ഒന്നാമത്.
– ആരോഗ്യ സൂചികയിലും മനുഷ്യജീവിത സൂചികയിലും ഏറ്റവും മുന്നിലാണ്.
– ലിംഗസമത്വത്തിലും സ്ത്രീ, പുരുഷ അനുപാതത്തിലും കേരളമാണ് മുന്നില്‍.
– പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഒന്നാമതാണ്.
– ശിശു മരണനിരക്കും ഗര്‍ഭിണികളുടെ മരണനിരക്കും ഏറ്റവും കുറവ്.
– ഭിന്ന ലിംഗക്കാരുടെ അവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍.
– അംഗപരിമിത സൗഹൃദ സംസ്ഥാനം.
– രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം.
– എല്ലാ ഗ്രാമങ്ങളിലും ആധുനിക രീതിയില്‍ റോഡ് ഗതാഗത സൗകര്യം ഒരുക്കിയതില്‍ ഒന്നാമത്.
– മനുഷ്യാവകാശ സംരക്ഷണത്തില്‍ ഒന്നാമത്.


Also Read: ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ലോക പരിസ്ഥിതി ദിനത്തില്‍ പറയാനുള്ളത്’; പെരിയാറിനെ മലിനീകരിക്കുന്ന കമ്പനിക്ക് പരിസ്ഥിതി സൗഹൃദ അവാര്‍ഡ് നല്‍കിയതിനെതിരെ മുഖ്യമന്ത്രിക്ക് തുറന്ന കത്ത്


– സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ ഒന്നാമത്.
– സൗജന്യ ആരോഗ്യപരിപാലനത്തില്‍ ഒന്നാമത്.
– വെളിയിട വിസര്‍ജ്ജന വിമുക്ത സംസ്ഥാനം.
– എല്ലാ വീട്ടിലും വൈദ്യുതി എത്തിച്ച സംസ്ഥാനം.
– വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്തിടം.
– അയിത്താചാരങ്ങളില്ലാത്തിടം.
– ജാതി പീഡനമില്ലാത്തിടം.
– ദളിത് ഹത്യകളും പീഡനങ്ങളുമില്ലാത്ത സംസ്ഥാനം.
– പശുവിന്റെ പേരില്‍ അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത നാട്.
പറയു, ഇതാണോ പാക്കിസ്ഥാന്‍?
ഈ പ്രചരണങ്ങളില്‍ നിന്ന് ഇനിയെങ്കിലും ബി ജെ പിക്കാര്‍ പിന്‍വാങ്ങണം.
അമിത്ഷാ കേരളത്തില്‍ വന്നപ്പോള്‍ ബി ജെ പി സംസ്ഥാന നേതൃത്വത്തെ കടുത്ത ഭാഷയിലാണ് അധിക്ഷേപിച്ചത്. ഒന്നിനും കൊള്ളരുതാത്തവരായാണ് ചിത്രീകരിച്ചത്. ഇങ്ങനെ കേരളത്തെ മൊത്തത്തില്‍ അധിക്ഷേപിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയായി ബി ജെ പി മാറായിരിക്കുന്നു.
കേരള ജനതയെ ഇനിയും അപമാനിക്കരുത്.

Advertisement