തിരുവനന്തപുരം: സി.പി.ഐ.എമ്മും ബി.ജെ.പിയും നടത്തുന്ന രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന നിരാഹാര സമരത്തെ പരിഹസിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഹര്‍ത്താല്‍ പ്രഖ്യാപനം പെട്ടെന്നായതുകൊണ്ട് തന്നെ ഭക്ഷണം കിട്ടാത്തതുകൊണ്ടാണ് ചെന്നിത്തല നിരാഹാരം കിടക്കുന്നതെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. ചെന്നിത്തല ഇന്ന് നിരാഹാരം കിടക്കുകയാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കോടിയേരിയുടെ മറുപടി.


Dont Miss ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല; പിടിയിലായത് വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍; സി.പി.ഐ.എമ്മിന് ബന്ധമില്ലെന്ന് കോടിയേരി


ബി.ജെ.പിയുടെ ഹര്‍ത്താല്‍ പ്രഖ്യാപനം പെട്ടെന്നായിരുന്നു. ചെന്നിത്തല ഭക്ഷണം കിട്ടാത്ത എവിടെയോ പെട്ടുപോയി കാണും. അപ്പോള്‍ വിചാരീച്ചുകാണും നിരാഹാരം കിടക്കാമെന്ന്. എന്തായാലും നിരാഹാരം കിടക്കുന്ന അദ്ദേഹത്തിന് എന്റെ എല്ലാ പിന്തുണയും അറിയിക്കുകയാണ്- കോടിയേരി പറഞ്ഞു.

സി.പി.ഐ.എമ്മും ബി.ജെ.പിയും നടത്തുന്ന രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് കിഡ്‌സണ്‍ കോര്‍ണറിലാണ് ചെന്നിത്തല സത്യഗ്രഹം നടത്തുന്നത്. കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

അക്രമങ്ങളില്‍ പ്രതിഷേധിച്ചും ബിജെപിയുടെ കോഴ ആരോപണവും ഉന്നയിച്ച് തിങ്കളാഴ്ച രാജ്ഭവനു മുന്നില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ ധര്‍ണ നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.