എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പ് കണക്ക് മറച്ചുവെച്ച യു.ഡി.എഫ് എം.എല്‍.എമാരുടെ അംഗത്വം റദ്ദാക്കണം: കോടിയേരി
എഡിറ്റര്‍
Saturday 5th January 2013 1:00pm

കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് തിരഞ്ഞെടുപ്പ് കണക്ക് മറച്ചുവെച്ച യു.ഡി.എഫ് എം.എല്‍.എമാരുടെ അംഗത്വം റദ്ദാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Ads By Google

നിയമസഭാംഗത്വം റദ്ദാക്കണം. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിനെതിരെയും നടപടി വേണം. കോണ്‍ഗ്രസ് പണം നല്‍കിയത് ഘടകകക്ഷികളെ ഏറാന്‍മൂളികളാക്കാനാണെന്നും  അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് ചെലവിലെ അപാകത സംബന്ധിച്ച് പാര്‍ട്ടി വിശദീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പില്‍ വിശദീകരണം നല്‍കാന്‍ തയാറാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫിലെ പ്രധാന ഘടക കക്ഷികളായ മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസ് മാണിയും തെരഞ്ഞെടുപ്പു കണക്കില്‍ കൃത്രിമം കാട്ടിയെന്ന രേഖകള്‍ പുറത്തു വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പണം നല്‍കിയ വിവരം മറച്ചുവെച്ച് മുസ്ലിംലീഗ് നിയമക്കുരുക്കിലായിരുന്നു. ലീഗിന്റെ 24 സ്ഥാനാര്‍ഥികള്‍ക്കായി എ.ഐ.സി.സി നല്‍കിയ രണ്ട് കോടി 40 ലക്ഷം രൂപയെ കുറിച്ച് തെരഞ്ഞെടുപ്പ് കമീഷന് മുസ്ലിം ലീഗ് നല്‍കിയ കണക്കില്‍ വ്യക്തമാക്കിയിരുന്നില്ല.

കോണ്‍ഗ്രസിന് പുറമെ മറ്റെല്ലാ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും 10 ലക്ഷം രൂപ വീതം എ.ഐ.സി.സി നല്‍കിയിരുന്നു. എ.ഐ.സി.സി ട്രഷറര്‍ മോത്തിലാല്‍ വോറ തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ കണക്കനുസരിച്ച് 140 മണ്ഡലങ്ങളിലേക്ക് 14 കോടി രൂപ കൊടുത്തു. കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും എം.എല്‍.എമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനു സമര്‍പ്പിച്ച കണക്കുകളില്‍ എ.ഐ.സി.സിയില്‍നിന്ന് ലഭിച്ച 10 ലക്ഷം രൂപ വരവു വെച്ചിട്ടുണ്ട്. എന്നാല്‍, ലീഗ് എം.എല്‍.എമാരുടെ കണക്കില്‍ മുസ്ലിംലീഗ് നല്‍കിയ പണമേ ഉണ്ടായിരുന്നുള്ളൂ.

Advertisement