തിരുവനന്തപുരം: മാര്‍ച്ച് 18 ന് പിറവം തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ മാര്‍ച്ച് 9ന് നിയസഭയില്‍ ബജറ്റ് അവതരിപ്പിക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മാര്‍ച്ച് 9 ന് നടത്താനിരിക്കുന്ന ബജറ്റില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. അത് തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് ജനങ്ങളെ സ്വാധീനിക്കുന്നതിന് തുല്യമാണ്. വോട്ടര്‍മാരെ സ്വാധീനിക്കുന്ന പല പ്രഖ്യാപനങ്ങളും നടത്താന്‍ വേണ്ടിയാണ് ബഡ്ജറ്റ് 9ാം തിയ്യതി നടത്താന്‍ തീരുമാനിച്ചത്. ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. ബഡ്ജറ്റ് അവതരിപ്പിക്കണമെങ്കില്‍ അത് തികച്ചും സാങ്കേതികമായി നടത്തണം. ബജറ്റില്‍ എറണാകുറത്തേയും കൊച്ചിയിലേയും വികസനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തരുത്. കോടിയേരി വ്യക്തമാക്കി.

എന്നാല്‍ പിറവം ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുങ്ങിയതായി കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് തിരഞ്ഞെടുപ്പിന്റെ
പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. പൊതുചിത്രം യു.ഡി.എഫിന് അനുകൂലമാണ്. പിറവത്തെ വോട്ടര്‍മാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും വന്‍ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് പിറവത്ത് ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മാര്‍ച്ച് 21ന് ബുധനാഴ്ചയാണ് പിറവത്തെ വോട്ടെണ്ണല്‍.  ഇരുമുന്നണികളും വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ഐക്യമുന്നണി സ്ഥാനാര്‍ഥിയായ  അനൂപ് ജേക്കബും, ഇടതുമുന്നണി സ്ഥാനാര്‍ഥിയായ മുന്‍ എം.എല്‍.എ. എം.ജെ. ജേക്കബും പ്രചരണരംഗത്ത് ഒപ്പത്തിനൊപ്പമുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 157 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.എം. ജേക്കബ് വിജയിച്ചത്. അതിനുമുമ്പ് 2006ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബിനെ ഇടതുമുന്നണിസ്ഥാനാര്‍ഥിയായിരുന്ന എം.ജെ. ജേക്കബ് അയ്യായിരത്തിലധികം വോട്ടിന് പരാജയപ്പെടുത്തിയിരുന്നു.

Malayalam News

Kerala News In English