പാലക്കാട്: തിരുവനന്തപുരത്ത് പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ച സംഭവവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയുടെ പ്രതികരണം അതിശയിപ്പിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകള്‍ ആത്മാഭിമാനത്തോടെ ഉയര്‍ന്നു നില്‍ക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന് കോടിയേരി പാലക്കാട് പറഞ്ഞു.


Also read കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം; ഇന്ത്യയിലെ 900 നഗരങ്ങളില്‍ മോദി ഫെസ്റ്റുമായ് ബി.ജെ.പി 


സംഭവത്തില്‍ പെണ്‍കുട്ടി സ്വീകരിച്ച നടപടിയെ പിന്തുണച്ച് രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ നടപടിക്കെതിരെയായിരുന്നു ശശി തരൂര്‍ എം.പിയുടെ പ്രതികരണം. നിയമം കൈയിലെടുക്കുന്നതിന് പകരം പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നെന്നായിരുന്നു തരൂര്‍ പറഞ്ഞിരുന്നത്.

പെണ്‍കുട്ടിയോട് സഹതാപമുണ്ടെന്നും പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടേണ്ട ഒരു സമൂഹമാണ് നമുക്ക് വേണ്ടതെന്നും ഓരോ മനുഷ്യനും കത്തിയുമായി നിയമം നടപ്പിലാക്കാന്‍ ഇറങ്ങുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്ത് വന്ന കോടിയേരി കോണ്‍ഗ്രസ് ശശി തരൂരിന്റെ നിലപാടിനോട് യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.


Dont miss കയറിക്കിടക്കാന്‍ ഒരു വീടു വേണം; പിണറായിക്ക് മുന്നില്‍ നിറകണ്ണുകളോടെ പതിനൊന്നുകാരി: പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് നമുക്ക് ശരിയാക്കാമെന്ന് മുഖ്യമന്ത്രി 


പെണ്‍കുട്ടിയുടേത് ധീരമായ നടപടിയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരും പെണ്‍കുട്ടിയുടെ നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ച ശ്രീഹരി എന്ന ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചത്.