Categories

Headlines

മുസ്‌ലീം യുവതിയുടെ തട്ടമഴിപ്പിച്ച മോദി കേരളത്തെ അപമാനിച്ചു; മോദിക്ക് വേഷത്തോട് പോലും കലിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ലോക വനിതാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത ചടങ്ങില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് വനിതാ പഞ്ചായത്ത് അധ്യക്ഷമാരുടെ ശിരോവസ്ത്രം അഴിപ്പിച്ച നടപടി കേരളത്തെ അപമാനിക്കുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഭരണകൂടത്തെ ആര്‍.എസ്.എസ് വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് മുസ്‌ലീം വനിതകള്‍ തലയില്‍ ശിരോവസ്ത്രമണിയാന്‍ പാടില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാരിനുണ്ടാവുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

ഗുജറാത്തില്‍ സംഘടിപ്പിച്ചത് സ്ത്രീശാക്തീകരണത്തിനായുള്ള ദേശീയസമ്മേളനമാണ്. രാജ്യത്തെ വനിതാ പഞ്ചായത്ത് അധ്യക്ഷമാരുടെ ആ സമ്മേളനത്തില്‍ വെച്ച് വനിതകളുടെ ശിരോവസ്ത്രം അഴിപ്പിച്ചതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ സ്ത്രീശാക്തീകരണത്തിന്റെ യഥാര്‍ത്ഥമുഖമാണ് അനാവരണമായത്.

ഭരണകൂടത്തെ ആര്‍.എസ്.എസ് വല്‍ക്കരിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്നില്ലെങ്കില്‍, രാജ്യത്ത് മനുസ്മൃതിയിലെ ഓരോരോ ഇനങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കും.

ആര്‍.എസ്.എസ് പ്രചാരകനായ നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ മുസ്‌ലീംവിരുദ്ധ മനോഭാവത്തിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

വേഷത്തോടുപോലും മോദി ഭരണത്തിന് മുരടന്‍ കലിയാണെന്നും കേന്ദ്രസര്‍ക്കാര്‍ നടപടി ബി.ജെ.പി ഭരണത്തിന്റെ അന്യമത വിദ്വേഷവും അസഹിഷ്ണുതയും എത്രമാത്രം കടുത്തതാണെന്നും ബോധ്യപ്പെടുത്തുന്നുവെന്നും കോടിയേരി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ക്ഷണപ്രകാരം സ്വച്ഛ്ശക്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേരളത്തില്‍ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ തട്ടമാണ് സംഘാടകര്‍ അഴിച്ചുവെക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയും തട്ടംധരിച്ചുകൊള്ളാന്‍ അനുമതി നല്‍കുകയുമായിരുന്നു.